പൗരത്വ ഭേദഗതി ബില്‍: കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ ഡിസംബർ 13-ന് 

0
16
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെ ചുവട്ടില്‍ കത്തി വക്കുന്ന നിലപാടാണ്‌ ഇന്നലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിലൂടെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഭാരവാഹികള പത്രക്കുറിപ്പിൽ അറിയിച്ചു. മതപരമായ വിവേചനം നിരോധിക്കുകയും നിയമത്തിനു മുന്നില്‍ എല്ലാ വ്യക്തികള്‍ക്കും തുല്ല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌ ഒരു. പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് രാജ്യത്ത് പുതിയൊരു വിഭജനം കൊണ്ടുവരാനുള്ള ബിജെപി സര്‍ക്കാരിന്റെ ഈ നീക്കം. ഇന്ത്യാ വിഭജനത്തിനു ശേഷം രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വിഭജന ഭീഷണിയിലേക്ക്  ഇതോടെ നാം പ്രവേശിക്കും. പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ‘മതേതരത്വം’ എന്ന ആശയത്തിന്റെ നഗ്നമായ ലംഘനമാണ്‌. രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ജനറല്‍ സെക്രട്ടറി ടികെ സൈജു എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് കല കുവൈറ്റിന്റെ നേതൃത്വത്തിൽ ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് 5:30ന് അബ്ബാസിയ കല സെന്ററിൽ വെച്ച്  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പരിപാടിയിൽ കുവൈറ്റിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക വ്യക്തിത്വങ്ങൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 67765810, 60315101, 60685849 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.