കുവൈറ്റ്: ബന്ധുക്കളെ സന്ദര്‍ശക വിസയിലെത്തിച്ച് കാലാവധി കഴിഞ്ഞിട്ടും മടക്കി അയക്കാത്ത പ്രവാസികള്‍ക്കെതിരെ നടപടികൾ കര്‍ശനമാക്കി കുവൈറ്റ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തുടരുന്ന ആളുകളെ എത്തിച്ച പ്രവാസികളുടെ എല്ലാ ഇടപാടുകളും ബ്ലോക്ക് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർ രാജ്യം വിട്ടു എന്നുറപ്പാക്കുന്ന രേഖ സമർപ്പിച്ച ശേഷം മാത്രമെ ഇവരുടെ വിലക്ക് മാറ്റാൻ പാടുള്ളു എന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലാ നൽകിയ നിര്‍ദേശത്തില്‍ പറയുന്നു.
കാലാവധി കഴിഞ്ഞിട്ടും സന്ദർശക-ബിസിനസ് വിസയിലെത്തിയ ആളുകൾ തന്നെ തുടരുന്നത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. ഇത്തരത്തിൽ സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും ഇവിടെ തന്നെ തങ്ങുന്നവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.