ബഹുസ്വരതയെ സംരക്ഷിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണം: ഐ.സി.എഫ് പൗരസഭ

0
25

കുവൈത്ത് സിറ്റി: ഇന്ത്യ കാലങ്ങളായി പിന്‍തുടര്‍ന്നു പോരുന്ന ബഹുസ്വരതയും പരസ്പര സൗഹാര്‍ദ്ദവും സംരക്ഷിക്കുന്നതിനായി രാജ്യത്തെ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം പരസ്പര സഹകരണവും വിശ്വാസവും നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ എന്ന ആശയം സൗന്ദര്യപൂര്‍ണമാവുന്നത്. പരസ്പര സ്‌നേഹത്തിലൂന്നിയുള്ള പൂര്‍വകാല ചരിത്രങ്ങള്‍ പുതുതലമുറയില്‍ നിന്ന് ഇല്ലാതെയാക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂട ഒത്താശയോടെ വ്യാപകമായി നടക്കുന്ന ഇക്കാലത്ത് ഇതിനെതിരെയുള്ള ചെറുത്ത് നില്‍പ് രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വരണം.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയവുമായി സാല്‍മിയ മെട്രോ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ.സി.എഫ് കുവൈത്ത് സംഘടനാ കാര്യ പ്രസിഡണ്ട് അഹ്‌മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി പട്ടാമ്പി അധ്യക്ഷം വഹിച്ചു.
കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അന്‍സാരി കടയ്ക്കല്‍ (കല), റോയി കൈതവന (ഒ.ഐ.സി.സി), ഇസ്മായില്‍ വള്ളിയോത്ത് (കെ.എം.സി.സി), ഒ.പി.ഷറഫുദ്ദീന്‍ (കെ.കെ.എം.എ), നജീബ് തൃക്കരിപ്പൂര്‍ (ആര്‍.എസ്.സി) തടങ്ങിയവര്‍ സംസാരിച്ചു. ജാഫര്‍ ചപ്പാരപ്പടവ് സ്വാഗതവും റാശിദ് ചെറുശോല നന്ദിയും പറഞ്ഞു.