ബഹ്റൈനിൽ ആറുമാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി

0
13

മനാമ: ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ വർക്ക് പെർമിറ്റ് ഏർപ്പെടുത്തുന്നതായി ലേബർ മാർക്കറ്റ് റ​ഗുലേറ്ററി അതോറിറ്റി. ആറു മാസത്തേക്കുള്ള തൊഴിൽ അനുമതിയാണ് നൽകുക. രാജ്യത്ത് നിലവിൽ താമസിക്കുന്നവരും വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കാണ് ഈ അനുമതി ലഭിക്കുന്നത്. നിലവിൽ ഒന്നു മുതൽ രണ്ടു വർഷം വരെയുള്ള തൊഴിൽ പെർമിറ്റാണ് ബഹ്റൈനിൽ അനുവദിച്ചിരുന്നത്.വാണിജ്യ പ്രവർത്തനങ്ങൾ കൂടുതൽ സു​ഗമമാക്കുന്നതിന്റെയും വിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്നതിന്റെയും ഭാ​ഗമായാണ് ഇത്തരമൊരു പദ്ധതിയെന്ന് എൽഎംആർഎ അധികൃതർ അറിയിച്ചു. ഇത് നിലവിൽ ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്കാണെന്നും പുതുതായി വിദേശത്തുനിന്ന് റിക്രൂട്ട്മെന്റ് നടത്തില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തെ നിലവിലുള്ള തൊഴിലാളി സമൂഹത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വാണിജ്യ മേഖലയിലേക്ക് പുതുതായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കാനാണ് പ്രധാനമായും ഇതുവഴി ലക്ഷ്യം വെക്കുന്നത്.