കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി കുവൈറ്റ് ഇന്ത്യയുടെ 71-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ നാല് മേഖലകളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മതേതര ഇന്ത്യ വെല്ലുവിളി നേരിടുന്ന ഇന്നത്തെ കാലത്ത് ഭരണഘടന സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് നാല് മേഖലകളിലും ഭരണഘടനയുടെ ആമുഖം വായനയും പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. അതു കൂടാതെ കുട്ടികള്‍ തന്നെ നയിച്ച പൊതുസമ്മേളനം, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രസംഗമത്സരം, പ്രച്ഛന്നവേഷ മത്സരം, കവിത പാരായണ മത്സരം , കഥ പറയൽ മത്സരം ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ കലാമത്സരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. അബ്ബാസിയ, സാൽമിയ, ഫഹാഹീൽ മേഖലയിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ നിർവഹിച്ചു. അബുഹലീഫ മേഖലയിലെ പരിപാടികളുടെ ഉദ്ഘാടനം കല കുവൈത്ത് ജോയിന്റ് സെക്രട്ടറി ആസഫ് അലി നിർവഹിച്ചു . വിവിധ കലാ മത്സരങ്ങളുടെ സമ്മാനദാനം കലയുടെ കേന്ദ്ര-മേഖല ഭാരവാഹികൾ, ബാലവേദി രക്ഷാധികാരിസമിതി പ്രവർത്തകർ എന്നിവർ വിതരണം ചെയ്‌തു . പ്രവർത്തനങ്ങൾക്ക് ബാലവേദി കുട്ടികളും കല കുവൈറ്റ് ഭാരവാഹികളും ബാലവേദി രക്ഷാധികാരി സമിതി പ്രവർത്തകരും നേതൃത്വം വഹിച്ചു.