കുവൈത്ത് സിറ്റി: കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റു മാസ്റ്റേഴ്സ് ക്ലബ്ബിന്റെ നൂറാമതു യോഗം 2025 ജനുവരി നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് കൂടുകയുണ്ടായി. ഓൺലൈൻ ആയി സംഘടിപ്പിച്ച യോഗത്തിലെ മുഖ്യ ആകർഷണം, വിഴിഞ്ഞം പോർട്ട് എം.ഡിയും, കേരളം സർക്കാരിന്റെ സാംസ്കാരികവകുപ്പ് അദ്ധ്യക്ഷയും, പ്രശസ്ത പ്രഭാഷകയുമായ ഡോക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് ആയിരുന്നു. ക്ലബിന്റെ മുൻ അദ്ധ്യക്ഷ ആയിരുന്ന ഷീബാ പ്രെമുഖ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ടോസ്റ്റ് മാസ്റ്റേഴ്സ് അംഗങ്ങളായവരും അല്ലാത്തവരുമായ ഏകദേശം 100-ഓളം പേർ പങ്കെടുത്ത യോഗത്തിൽ മുഖ്യാതിഥി ആയ ഡോ. ദിവ്യ, “മലയാളഭാഷയും പുതിയ തലമുറയും” എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണം മലയാള ഭാഷാസ്നേഹികൾക്കേവർക്കും ഒരു പോലെ ആസ്വാദ്യകരമായിരുന്നു. ജൈവികവും കാലാനുസൃതവുമായി വളർന്നുകൊണ്ടിരിക്കുന്ന മലയാളഭാഷ കൂടുതൽ പ്രചാരണവും വ്യാപ്തിയും അർഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞു ചുവട് വയ്ക്കുവാൻ, കുഞ്ഞുണ്ണി മാഷിനെയും ഒരാഴ്ചയ്ക്ക് മുൻപ് കഥാവശേഷനായ എം.ടി. വാസുദേവൻനായർ എന്നിവരെയും ഭാഷാ ഉപയോഗത്തിലെ പുതു പ്രവണതകളെയും ഉദാഹരിച്ചുകൊണ്ട് ഡോ. ദിവ്യ വിവരിക്കുകയുണ്ടായി. ഭാഷയുടെ ശോഷണത്തെ കുറിച്ച ആശങ്കപ്പെടുന്ന നമുക്ക് ചെയ്യേണ്ടതായ ലഘു ഗൃഹപാഠം ഉൾപ്പെടെ ഉള്ള കാര്യങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുവാൻ ഏത് മലയാളിയെയും ഉത്ബോധിപ്പിക്കുകയും ചെയ്യുന്ന ഒരു മധുരകരമായ വേളയായി മുഖ്യാതിഥിയായ ഡോ. ദിവ്യയുടെ പ്രഭാഷണം. പ്രഭാഷണത്തെ തുടർന്ന് ക്രമീകരിച്ചിരുന്ന ലഘു-ചോദ്യോത്തരവേളയിൽ അതിഥികളും ക്ലബ്ബ് അംഗങ്ങളും മുഖ്യാതിഥിയുമായി തങ്ങളുടെ ചോദ്യങ്ങളുമായി തുറന്ന് സംവദിക്കുവാനുള്ള അവിസ്മരണീയമായ ഒരു അവസരവുമായി മാറി. തുടർന്ന് ക്ലബ്ബിന്റെ വിദ്യാഭ്യാസ ഉപാദ്ധ്യക്ഷൻ ആയ ശ്രീ. പ്രശാന്ത് കവളങ്ങാട് പിന്നിട്ട നാൾവഴികളെ കുറിച്ച് ഹൃസ്വമായി അവതരിപ്പിക്കുകയുണ്ടായി. അംഗങ്ങളുടെ കുടുംബാംഗങ്ങളായ വചൻ പ്രമുഖ്, കാർത്തിക് നാരായണൻ, മല്ലികാലക്ഷ്മി എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ ഏവരും ഒരു പോലെ ആസ്വദിച്ചു. ശ്രീമതി സുവി അജിത് അവതാരക ആയിരുന്ന യോഗത്തിൽ ക്ലബ്ബിന്റെ അധ്യക്ഷനായിരുന്ന ശ്രീ ഷബീർ സി. എച്ച് ഏവരെയും സ്വാഗതം ചെയ്യുകയും, മുൻ അദ്ധ്യക്ഷൻ ആയിരുന്ന ശ്രീ ബിജോ പി, ബാബു കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. വിശിഷ്ട ടോസ്സ്റ്റ്മാസ്റ്റർ ശ്രീ. പ്രേമുഖ് ബോസ്, ശ്രീ. സുനിൽ എൻ എസ് എന്നിവർ ആഘോഷസമാനമായ നൂറാം യോഗം വിജയിപ്പിക്കുന്നതിൽ നേതൃത്വം നൽകി. നേതൃത്വപാടവവും ആത്മവിശ്വാസവും മാതൃഭാഷയിൽ ആശയ വിനിമയ ശേഷിയും വളർത്തുവാൻ ആഗ്രഹിക്കുന്നവരും പ്രഭാഷണകലയിൽ മികച്ച മുന്നേറ്റം നടത്തുവാനും താല്പര്യമുള്ള, മലയാള ഭാഷയെ സ്നേഹിക്കുന്ന ഏവരെയും ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ലക്ഷ്യം മുൻനിർത്തി മാസത്തിൽ 2 യോഗങ്ങൾ വീതം സംഘടിപ്പിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 99024673