കുവൈത്ത് സിറ്റി : കുവൈത്തിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. കുവൈത്ത് മുനിസിപ്പാലിറ്റിയാണ് ഫീൽഡ് പരിശോധന നടത്തിയത്. 2024 ലെ മന്ത്രിതല പ്രമേയം നമ്പർ 329 പ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അൽ ദാഗറിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടത്തിൽ നിലവിൽ നിയമലംഘനങ്ങളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിലെ നിയമലംഘനങ്ങൾ ഉടമ നേരത്തെ നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ പ്രോപ്പർട്ടി ഇപ്പോൾ ലൈസൻസിന് പൂർണമായും അർഹമാണെന്നും മറ്റ് ലംഘനങ്ങൾ നിലവിലില്ലെന്നും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.