കുവൈത്ത് സിറ്റി : മംഗഫ് തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ അഞ്ച് ബന്ധുക്കൾ കുവൈത്തിലെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പ്രിയപ്പെട്ടവരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് എൻ.ബി.ടിസി സന്ദർശന വിസയിൽ ബന്ധുക്കളെ കുവൈത്തിൽ എത്തിച്ചത്.ദുരന്തം ഏൽപ്പിച്ച ശാരീരിക, മാനസിക ആഘാതങ്ങളിൽ കഴിയുന്ന ഇവർക്ക് ഭാര്യ, മക്കൾ എന്നിവരുടെ സാമീപ്യം ആശ്വാസകരമാകും. ഇതിനായി മുൻ കയ്യെടുത്ത സ്ഥാപനത്തിന്റെ തീരുമാനത്തോട് ജീവനക്കാരും ബന്ധുക്കളും നന്ദി അറിയിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ ആദ്യമായി കണ്ട നിമിഷം ഏറെ വികാര നിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവരുടെ അടുത്തേക്ക് നാട്ടിൽ നിന്നും എത്തിയ ബന്ധുക്കളെ എത്തിക്കുവാൻ എൻ.ബി.ടിസി മാനേജ്‌മെന്റ് പ്രതിനിധികൾ നേരിട്ട് എത്തിയിരുന്നു. ഇവരുടെ യാത്രാ,താമസ,വാഹന ചെലവുകൾ ഉൾപ്പെടെ എല്ലാം വഹിക്കുന്നത് എൻബി.ടി.സി കമ്പനിയാണ്. അതെ സമയം തീപിടിത്ത ദുരന്തത്തിൽ മരിച്ചു ഇനിയും ഔദ്യോഗികമായി തിരിച്ചറിയാനാകാത്ത ബിഹാർ സ്വദേശിയായ ജീവനക്കാരൻ്റെ സഹോദരൻ ഷാരൂഖ് ഖാനും ഇന്ന് കുവൈത്തിൽ എത്തിയവരുടെ കൂട്ടത്തിൽ ഉൾപ്പെടും. കുവൈത്ത് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഡിഎൻഎ പരിശോധന പൂർത്തിയാക്കാനായാണ് ഇദ്ദേഹത്തെ എൻ.ബി.ടി.സി.അധികൃതർ കുവൈത്തിൽ എത്തിച്ചത്. ഇദ്ദേഹത്തെ വരും ദിവസങ്ങളിൽ ഡി എൻ എ പരിശോധനക്ക് വിധേയമാക്കും.ഇതോടെ അപകടത്തിൽ മരണമടഞ്ഞവരിൽ അവശേഷിക്കുന്ന അവസാനത്തെ ആളുടെയും വിവരം ലഭ്യമാക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.ബി.ടി.സി എച്ച്ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു.