ന്യൂഡൽഹി : കുവൈത്തിൽ ജൂൺ 12 ന് ഉണ്ടായ മംഗഫ് തീപിടിത്ത സംഭവത്തിന് ശേഷം “പാഠങ്ങൾ പഠിച്ചു” എന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യമന്ത്രാലയം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 45 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ലേബർ ക്യാമ്പുകൾ പരിശോധിക്കുന്നതിനും തൊഴിലാളികൾക്ക് സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും അതത് ഇന്ത്യൻ എംബസികൾ സ്വീകരിച്ച നടപടികൾ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജി ഊന്നിപ്പറഞ്ഞു. മംഗഫ് തീപിടിത്ത സംഭവത്തെ കുറിച്ച്, ഞങ്ങളുടെ മിക്ക എംബസികളും ലേബർ ക്യാമ്പുകൾ, തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവ താമസത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കി. ഇപ്പോൾ നടക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങളൊന്നും തന്റെ പക്കലില്ലെന്നും റിപ്പോർട്ട് വന്നാൽ എവിടെയാണ് കാര്യങ്ങൾ പിഴച്ചത് എന്നറിയാനും പിന്നീട് നടപടിയെടുക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചതായും ചാറ്റർജി പറഞ്ഞു.