കുവൈത്ത് സിറ്റി: വേനൽക്കാല അവധിക്ക് ശേഷം യാത്രക്കാർ മടങ്ങിയെത്തുമ്പോൾ പ്രതിരോധ കുത്തിവയ്പ്പുകളും മുൻകരുതൽ നടപടികളും സ്വീകരിച്ചുകൊണ്ട് മങ്കി പോക്സ് പടരുന്നത് തടയാനുള്ള ശ്രമങ്ങൾ തുടർന്ന് ആരോഗ്യ മന്ത്രാലയം. ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഈ കേന്ദ്രങ്ങളുടെ സന്നദ്ധത വിലയിരുത്താൻ ആരോഗ്യ മേഖല ഡയറക്ടർമാർ പ്രതിരോധ ആരോഗ്യ, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതായി ആരോഗ്യ വൃത്തങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കി. ഭാവിയിൽ ഏതെങ്കിലും തരത്തിൽ മങ്കിപോക്സ് രോഗം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടാൽ നൂറുകണക്കിന് എംപോക്സ് വാക്സിൻ ഡോസുകൾ മെഡിക്കൽ വെയർഹൗസുകളിൽ സൂക്ഷിച്ചിരിക്കുന്നതായി ആരോഗ്യ മന്ത്രാലയ ഉറവിടങ്ങൾ സ്ഥിരീകരിച്ചു. ഈ വാക്സിനുകൾ രോഗം പിടിപെട്ടുള്ള പ്രാഥമിക ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമേ നൽകൂ. ഇവ COVID-19 വാക്സിനുകൾക്ക് സമാനമാണെന്നും അവയ്ക്ക് പ്രത്യേക റഫ്രിജറേഷൻ ആവശ്യമാണെന്നും ഉറവിടങ്ങൾ വ്യക്തമാക്കി. അതിനാലാണ് സാധാരണ വാക്സിനുകൾക്കായി ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് പ്രിവന്‍റീവ് ഹെൽത്ത് റഫ്രിജറേറ്ററുകളിൽനിന്നും പ്രത്യേക മെഡിക്കൽ വെയർഹൗസ് കൂളറുകളിൽ അവ സൂക്ഷിക്കുന്നത്. മെഡിക്കൽ വെയർഹൗസുകൾ ആവശ്യമായ വാക്സിനുകൾ ആരോഗ്യ മേഖലകളിലേക്ക് പിന്നീട് വിതരണം ചെയ്യും.