ഇംഫാൽ: തിങ്കളാഴ്ച ജിരിബാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു. ബോറോബെക്ര സബ് ഡിവിഷനിലെ ജകുരഡോർ കരോങ്ങിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. തീവ്രവാദികൾ ജകുരദോർ കരോങ്ങിലെ നിരവധി കടകൾക്ക് തീയിട്ടു, സമീപത്തെ വീടുകൾ ആക്രമിക്കുകയും സിആർപിഎഫ് ക്യാമ്പ് ലക്ഷ്യമിടുകയും ചെയ്തു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അഞ്ച് സിവിലിയന്മാരെ കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങൾ ബോറോബെക്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാന്മാരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.