മതചടങ്ങിനിടെ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് കുട്ടികള്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മതചടങ്ങിനിടെ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് കുട്ടികള്‍ മരിച്ചു. സാഗർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിന്‍റെ ഭാഗമായി 10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ കളിമൺ പ്രതിമകൾ നിർമ്മിക്കുന്നതിനിടെയാണ് തൊട്ടടുത്ത വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണത്. 50 വര്‍ഷത്തോളം പഴക്കമുള്ള വീടിൻ്റെ മതിൽ കനത്ത മഴയെ തുടര്‍ന്നാണ് തകർന്നതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്ന കുട്ടികളെ രക്ഷിക്കാനും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി.ക്ഷേത്രപരിസരത്തുള്ള കൂടാരത്തിൽ ഇരിക്കുമ്പോഴാണ് മതിൽ ഇടിഞ്ഞ് വീണതെന്ന് ജില്ലാ ഉദ്യോഗസ്ഥൻ ദീപക് ആര്യ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ മറ്റ് നിരവധി കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സാഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.