മത്തിക്കാലമിനി പഴങ്കഥ; ട്രോളിങ്‌ നിരോധന കാലയളവ്‌ ഇനിയെങ്കിലും പുനര്‍ നിര്‍ണയിക്കുമോ?

0
29

മലയാളിക്കു പ്രിയങ്കരമായ മത്തി കേരളതീരം വിട്ടതല്ലെന്നു വിദഗ്‌ധര്‍. കേരള തീരത്ത്‌ മത്തിയുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ടായതാണു ലഭ്യത കുറയാന്‍ കാരണെമന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്‌ഞന്‍ സുനില്‍ മുഹമ്മദ്‌.

കേരളതീരത്തുനിന്നു മത്തി തമിഴ്‌നാട്‌, ഗുജറാത്ത്‌ തീരങ്ങളിലേക്കു നീങ്ങി എന്ന നിലയിലുളള വിലയിരുത്തലുകള്‍ അശാസ്‌ത്രീയമാണ്‌. ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ട്രോളിങ്‌ നിരോധനം കൊണ്ട്‌ മത്തിയുടെ എണ്ണം വര്‍ധിക്കില്ലെന്നും മത്തി പിടിക്കുന്നതു പരമ്പരാഗത വള്ളങ്ങളായതിനാല്‍ അവയക്കു നിരോധനം ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂണിനും ഡിസംബറിനും ഇടയിലാണ്‌ മത്തിയുടെ പ്രജനന കാലം. മലബാര്‍ അപ്‌വെല്ലിങ്‌ സോണ്‍ എന്നറിയപ്പെടുന്ന തീരക്കടലില്‍ സുലഭമായ മത്തി ഔട്ട്‌ബോര്‍ഡ്‌ എന്‍ജിന്‍, തുഴവള്ളം എന്നിവയിലാണു സാധാരണയായി മത്സ്യബന്ധനം നടത്തുന്നത്‌. യന്ത്രവല്‍കൃത ട്രോളറുകളില്‍ കൊഞ്ച്‌, കണവ, കൂന്തള്‍ തുടങ്ങിയ അടിത്തട്ടിലുള്ള മത്സ്യങ്ങളെയാണു പിടിക്കുന്നത്‌. അവയുടെ പ്രജനന സമയം സെപ്‌റ്റംബര്‍, ഒകേ്‌ടാബര്‍, നവംബര്‍ മാസങ്ങളിലാണ്‌. പോസ്‌റ്റ്‌ മണ്‍സൂണ്‍ എന്നു വിളിക്കുന്ന ഈ സമയത്താണു യഥാര്‍ഥത്തില്‍ ഈ വിഭാഗങ്ങളുടെ ട്രോളിങ്‌ നിരോധനം നടപ്പാക്കേണ്ടത്‌. ട്രോളിങ്‌ നിരോധന കാലയളവ്‌ പുനര്‍ നിര്‍ണയിക്കണമെന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ സര്‍ക്കാറിനു നേരത്തെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. 2012ല്‍ 3.9 ലക്ഷം ടണ്‍ പിടിച്ചതോടെ കേരളത്തില്‍ മത്തിയുടെ കുലം മുടിഞ്ഞെന്നു ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടായുള്ള മത്തിപിടിത്തത്തിലെ സര്‍വ്വകാല റെക്കോര്‍ഡ്‌ ആയിരുന്നു ഇത്‌. തുടര്‍ന്ന്‌ 2013ല്‍ കിട്ടിയത്‌ ഇതിനെക്കാള്‍ 41 ശതമാനം കുറവും, 2014ല്‍ 61 ശതമാനം, 2015ല്‍ 82 ശതമാനം എന്നിങ്ങനെ ഓരോ വര്‍ഷവും വന്‍ കുറവു രേഖപ്പെടുത്തി.

സാധാരണയായി ജലനിരപ്പില്‍ നിന്നു 30 മീറ്റര്‍ ആഴത്തില്‍ ഇട്ടിരുന്ന മത്തിവലകള്‍ 2011 മുതല്‍ 50 മീറ്റര്‍ വരെ താഴ്‌ത്തിയതാണ്‌ മത്തി ലഭ്യത പൊടുന്നനെ കൂടിയതിനു പ്രധാന കാരണം. 2012ല്‍ പ്രജനന വലിപ്പമാകാത്ത കുഞ്ഞന്‍മത്തി പിടിത്തം ക്രമാതീതമായി വര്‍ധിച്ചു. 2013ല്‍ മണ്‍സൂണ്‍ സാധാരണയിലും വളരെ അധികമായിരുന്നതിനാല്‍ തീരക്കടലിലെ ലവണാംശം വളരെക്കുറഞ്ഞത്‌ മത്തിയുടെ പ്രജനനത്തെയും കുഞ്ഞുങ്ങളുടെ അതിജീവനത്തെയും പ്രതികൂലമായി ബാധിച്ചു. 2014ല്‍ മണ്‍സൂണ്‍ ലഭ്യത കുറഞ്ഞതിനാല്‍ കടലിലേക്ക്‌ ചെളിവെള്ളം കലങ്ങുന്നതിലെ കുറവ്‌ മൂലം മത്തിയുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്‌ടണ്‍ വളര്‍ച്ച മുരടിച്ചതും മത്തിയുടെ പെരുകലിനെ ബാധിച്ചു. 2014-15 കാലത്ത്‌ കേരള തീരക്കടലില്‍ ജെല്ലി ഫിഷ്‌ വര്‍ധിച്ചതും മത്തിക്കു ഭീഷണിയായി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സമീപകാലത്തൊന്നും മലയാളിക്കു പ്രിയപ്പെട്ട മത്തി പഴയ പ്രതാപത്തോടെ തിരിച്ചെത്തില്ലെന്നാണു സമുദ്ര ശാസ്‌ത്രജ്‌ഞന്‍മാര്‍ കരുതുന്നത്‌.