മരണത്തിലും ഒന്നിച്ച്: ‌UAEയില്‍ അപകടത്തിൽ മരിച്ച സുഹൃത്തുക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
25

ദുബായ്: കുട്ടിക്കാലം മുതൽ ഒന്നിച്ചു കളിച്ചു വളർന്ന അവർ അന്ത്യയാത്രയിലും ഒരുമിച്ചു. ക്രിസ്മസ് ദിനത്തിൽ ദുബായിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ശരത് (21). രോഹിത് (19) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിച്ചു. ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങിയ പുലരിയിലാണ് കളിക്കൂട്ടുകാരായ ശരതും രോഹിതും മരണത്തിലേക്ക് യാത്രയായത്. വിദേശത്ത് ഉപരിപഠനം നടത്തുകയായിരുന്നു ഇരുവരും ക്രിസ്മസിനായാണ് വീടുകളിലെത്തിയത്.

തിരുവനന്തപുരം സ്വദേശിയാണ് ശരത്. രോഹിത് പട്ടാമ്പി സ്വദേശിയും.ദുബായിൽ‌ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇവർ ഉപരി പഠനത്തിനായാണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. ശരത് അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലും.ദുബായിലുള്ള കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയപ്പോഴാണ് മരണം ഇവരെ കവർന്നത്. ക്രിസ്മസ് തലേന്ന് സുഹൃത്തുക്കളെ സന്ദർശിച്ച് മടങ്ങവെ ബ‌ുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ജബല്‍‌ അലിക്കടുത്ത് വച്ച് ഇവരുടെ കാർ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.

ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.