കുവൈത്ത് സിറ്റി: മറാത്തി, ബംഗാളി, അസമീസ് എന്നിവക്ക് ഇന്ത്യൻ ഗവൺമെന്റ് ക്ലാസിക്കൽ പദവി നൽകിയതിന്റെ ആഘോഷങ്ങളുമായി കുവൈത്തിലെ ഇന്ത്യൻ എംബസിയും. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പരിപാടി ഉദ്ഘാടനം ചെയ്തു. ഭാഷാപരവും സാംസ്കാരികവുമായ സംരക്ഷണത്തിനുള്ള ക്ലാസിക്കൽ ഭാഷ അംഗീകാരത്തിന്റെ പ്രാധാന്യം അംബാസഡർ ഊന്നിപ്പറഞ്ഞു. കുവൈത്തിലെ ഒരു ദശലക്ഷം വരുന്ന ഇന്ത്യൻ സമൂഹത്തിൽ 60-70 ശതമാനം പേരും ഇപ്പോൾ ക്ലാസിക്കൽ ഭാഷാ പദവിയുള്ള മാതൃഭാഷ സംസാരിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2004ലാണ് ‘ക്ലാസിക്കൽ ലാംഗ്വേജ്’എന്ന ആശയം അവതരിപ്പിച്ചത്. തമിഴ് ഭാഷക്കാണ് ഈ അംഗീകാരം ആദ്യമായി ലഭിച്ചത്. ശേഷം സംസ്കൃതം, തെലുങ്ക്, കന്നട, മലയാളം, ഒഡിയ എന്നീ ഭാഷകൾ പട്ടികയിൽ ചേർന്നു. ഇപ്പോൾ, മറാത്തി, ബംഗാളി, അസമീസ് എന്നിവയെയും ക്ലാസിക്കൽ ഭാഷാ പദവിയിലേക്ക് ചേർത്തു.