കുവൈറ്റ് സിറ്റി: ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈറ്റ് ഓഐസിസി യുടെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരയിട്ടില്ല . ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസിസമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയുമാണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.
കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് . ഒഐസിസി നാഷണൽ കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഒഐസിസിയുടെ കുവൈറ്റിലെ സംഘടനാ പ്രവർത്തനം മറ്റു രാജ്യങ്ങളിലെ കമ്മറ്റികൾക്ക് മാതൃകാപരമെന്നു പറഞ്ഞു.