കുവൈത്ത് സിറ്റി: പ്രശസ്ത കവി സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ സംഘടിപ്പിച്ചു വരുന്ന സുഗതാഞ്ജലി കാവ്യാലാപന മൽസരത്തിന്റെ കുവൈറ്റ് ചാപ്റ്റർ തല മത്സരങ്ങൾ സംഘടിപ്പിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന മൽസരത്തിൽ ചാപ്റ്ററിന് കീഴിലുള്ള വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൽസരാർത്ഥികൾ പങ്കെടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രവർത്തക സമിതി ചെയർമാൻ ജ്യോതിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജി തോമസ് മാത്യു (കല കുവൈറ്റ്), ബിജു ജോസഫ് (എസ്.എം.സി.എ), ബിന്ദു സജീവ് (സാരഥി), ശ്രീഷ (FOKE), പ്രേംരാജ് (PALPAK), അനീഷ് ശിവൻ (എൻ.എസ്.എസ്) എന്നിവർ ആശംസകളർപ്പിച്ച് സാംസാരിച്ചു. കുവൈറ്റ് ചാപ്‌റ്റർ സെക്രട്ടറി ജെ.സജി സ്വാഗതവും, മൽസര പരിപാടിയുടെ ചുമതല വഹിക്കുന്ന ചാപ്റ്റർ അംഗം സജീവ് എം.ജോർജ് നന്ദിയും പറഞ്ഞു.
രണ്ട് വേദികളിലായി നടന്ന മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി 37 പേർ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ ജീവ് ജിഗ്ഗു സദാശിവൻ ഒന്നാം സ്ഥാനവും, റിയ രതീഷ് രണ്ടാം സ്ഥനവും, അൻവിത വി.പി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ രോഹിത് എസ് നായർ ഒന്നാം സ്ഥാനവും, നയന രതീശൻ നായർ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം ആവണി പേരോട്ടും നേടി. സീനിയർ വിഭാഗത്തിനായി നടന്ന മൽസരത്തിൽ ആർഷിയ രാജൻ ഒന്നാം സ്ഥാനം നേടി. രോഹിത് രാജ് കനാട്ട് (രണ്ടാം സ്ഥാനം), ലിയ കരലത്ത് (മൂന്നാം സ്ഥാനം) എന്നിവരാണ് മറ്റ് വിജയികൾ. വിജയികൾക്ക് മലയാളം മിഷൻ സംഘടിപ്പിക്കുന്ന ആഗോള കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ വി.അനിൽകുമാർ, ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, ചാപ്റ്റർ അംഗം സീമ രജിത് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.