പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നൊരു അവസ്ഥയുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിഷമഘട്ടത്തിലൂടെ കടന്ന് പോയവർക്ക് അതുമൂലം പിന്നീടുണ്ടാവുന്ന മാനസികമായ ബുദ്ധിമുട്ടുകളെയാണ് PTSD എന്ന് പറയാറ്. വയനാടിലെ പോലെ ദാരുണമായ ദുരന്തങ്ങളെ അതിജീവിച്ചവർക്ക്, അവിടെ സമീപപ്രദേശങ്ങളിൽ ഉള്ളവർക്ക് ഒക്കെ ഈ പ്രശ്നം ഉണ്ടാവാം. അവർ ഇതൊക്കെ നേരിട്ട് അനുഭവിക്കുന്നത് കൊണ്ടാണെന്ന് അറിയാവുന്നതിനാൽ അതിൽ അത്ഭുതമില്ല.
എന്നാൽ ഇതേ പ്രശ്നം ഇന്ന് അങ്ങ് ആഫ്രിക്കയിലും അമേരിക്കയിലും ഇങ്ങ് തിരുവനന്തപുരത്തും ഇരിക്കുന്ന മലയാളികളെയും (അല്ലാത്തവരെയും) ബാധിക്കാമെന്ന അവസ്ഥയാണ്. കാരണം ദുരന്തമുഖത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്തകളും ദൃശ്യങ്ങളും അവിടെ നേരിട്ട് പോയി കാണുന്ന പോലെയാണ് അനുഭവപ്പെടുക. അവിടെ നിൽക്കുന്നവരേക്കാൾ കൂടുതൽ കാര്യങ്ങൾ ദൂരെയിരുന്ന് വാർത്തയും സോഷ്യൽ മീഡിയയും നോക്കുന്നവർക്ക് അറിയാമെന്ന അവസ്ഥയാണ്. അത്രയധികം ട്രോമയും അത് സൃഷ്ടിക്കുന്നുണ്ട്.
ഇത് വെറുതേ പറയുന്നതല്ല, മീഡിയയിലും സോഷ്യൽ മീഡിയയിലും ഷെയർ ചെയ്യപ്പെടുന്ന ദുരന്ത ദൃശ്യങ്ങൾ എവിടെയോ ഇരുന്നത് കാണുന്ന ഒരാളുടെ മാനസികാരോഗ്യത്തെ നെഗറ്റീവായി സ്വാധീനിക്കുന്നതായി ധാരാളം പഠനങ്ങളുണ്ട്. 2021-ൽ ഫ്രോണ്ടിയേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കൂടി ചേർക്കാം. ഫ്ലോറിഡയിലെ ഒരു സ്കൂൾ വെടി വയ്പ്പിൻ്റെ ദൃശ്യങ്ങൾ വച്ചാണ് അവർ ആ പഠനം നടത്തിയത്. അതിൻ്റെ റിസൾട്ട് ഇങ്ങനെയാണ് – വളരെ കുറച്ച് മാത്രം TV കാണുന്നവരിൽ 1.3 ശതമാനം ആൾക്കാരിൽ ആ വെടിവയ്പ്പ് ദൃശ്യങ്ങൾ PTSD ക്ക് കാരണമായി. എന്നാൽ ശരാശരിക്കും മുകളിൽ സമയം TV കണ്ട ആൾക്കാരിൽ 3.5 ശതമാനത്തെ ആ ദൃശ്യങ്ങൾ ബാധിച്ചു. ഏകദേശം മൂന്ന് മടങ്ങ്. ഇനി കുറച്ച് സമയം ടിവിയിലും കാഷ്വലായി സോഷ്യൽ മീഡിയയിലും ആ ദൃശ്യങ്ങൾ കണ്ടവരിൽ 3.4 ശതമാനത്തെ PTSD ബാധിച്ചു. രണ്ടിലും ശരാശരിക്ക് മുകളിൽ സമയം ചെലവഴിച്ച 5.3 ശതമാനം ആൾക്കാരെയാണ് ഈ ദാരുണ ദൃശ്യങ്ങൾ സ്വാധീനിച്ചത്.
കഴിഞ്ഞ മൂന്നോ നാലോ ദിവസമായി സകല ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിറഞ്ഞ് നിൽക്കുന്നത് വയനാട് ദുരന്തമാണ്. എല്ലാവർക്കും അവിടെന്താണ് നടക്കുന്നതെന്നറിയാൻ ആഗ്രഹവുമുണ്ട്. പക്ഷെ ഒരു പരിധിക്കപ്പുറം ആ ദൃശ്യങ്ങൾ നമ്മൾ പോലും അറിയാതെ നമ്മളെ ബാധിക്കും. ഇത് വ്യക്തിപരം മാത്രമല്ല, ഒരു സാമൂഹിക പ്രശ്നം കൂടിയാണ്. സമൂഹത്തിൽ നൂറിൽ അഞ്ചുപേർ വീതം PTSD ഉള്ളവരായിരിക്കുന്ന അവസ്ഥ ഒട്ടും ശുഭകരമല്ല.
വയനാട്ടിലെ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പൊ എല്ലാവർക്കും അറിയാം. ഇനി അവിടുന്നുള്ള പൊട്ടും പൊടിയും പോലും വാർത്തയാക്കുന്നത്, സങ്കടക്കഥകൾ ഷെയർ ചെയ്യുന്നത് ഒക്കെ കുറയ്ക്കണം. രക്ഷപ്പെടുത്തലിൻ്റെ, പുനരധിവാസത്തിൻ്റെ, കരുതലിൻ്റെ, മതിലുകളില്ലാതെ മനുഷ്യർ ഒത്തു ചേർന്ന് ചെയ്യുന്ന നന്മയുടെ ഒക്കെ പോസിറ്റീവ് വാർത്തകൾ കൊടുക്കാനും ഷെയർ ചെയ്യാനും കൂടുതൽ ശ്രദ്ധിക്കണം.