കുവൈറ്റ് സിറ്റി: ലോകം അപകടകരമായ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ വ്യക്തിപരമായ വിശ്വാസങ്ങൾക്കപ്പുറം മാനവ സമൂഹം ആഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളുടെ രാഷ്ട്രീയമാണ് ഇന്ന് നാം ചർച്ച ചെയ്യേണ്ടതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് 46-ാമത് വാർഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ: എം എ സിദ്ദീഖ് അഭിപ്രായപ്പെട്ടു. സങ്കടങ്ങൾ കേൾക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങൾക്ക് കാതുകൾ നൽകുന്നു എന്നതാണ് കലയെപ്പോലൊരു പുരോഗമന പ്രസ്ഥാനത്തിന്റെ പ്രസക്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 89 യൂണിറ്റ് സമ്മേളനങ്ങളും 4 മേഖല സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് 46-മത് കേന്ദ്ര സമ്മേളനം ജനുവരി 24 വെള്ളിയാഴ്ച്ച സ. സീതാറാം യെച്ചൂരി നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ) നടന്നത്. രാവിലെ 9 ന് തുടങ്ങി വൈകുന്നേരം 5 മണിയോടെ അവസാനിച്ച സമ്മേളനത്തിൽ നാല് മേഖലകളിൽ നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട 361 പ്രതിനിധികൾ പങ്കെടുത്തു. വാർഷിക പ്രതിനിധി സമ്മേളനം 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും 27 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പ്രസിഡന്റായി മാത്യു ജോസഫ്, ജനറൽ സെക്രട്ടറിയായി ടി വി ഹിക്മത്, ട്രഷററായി പി ബി സുരേഷ്, പ്രവീൺ പി വി (വൈസ് പ്രസിഡന്റ്), പ്രസീത് കരുണാകരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അനൂപ് മങ്ങാട്ട്, ജെ സജി, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനിൽ കുമാർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. സമ്മേളന നടപടികളുടെ ഭാഗമായി രജിസ്ട്രേഷൻ, മിനിറ്റ്സ്, പ്രമേയം, ക്രെഡൻഷ്യൽ എന്നീ സബ് കമ്മറ്റികൾ പ്രവർത്തിച്ചു. ‘നവഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യ മൂല്യങ്ങളുടെ പതാക വാഹകരാകുക’, ‘ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണത്തിൽ നിന്നും യുജിസിയുടെ പുതിയ കരടിൽ നിന്നും കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറുക’, ‘പ്രവാസി പെൻഷനിൽ കേന്ദ്ര വിഹിതം ഉറപ്പാക്കുക’, ‘കേരളത്തിലെ ജനക്ഷേമ പ്രവർത്തനങ്ങൾക്കെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തിരാവസ്ഥ പിൻവലിക്കുക’, ‘വർദ്ധിച്ചുവരുന്ന സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള ജനത ജാഗരൂകരായിരിക്കുക’,തുടങ്ങിയ കാലിക പ്രസക്തമായ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ക്രെഡൻഷ്യൽ റിപ്പോർട്ട് പി ആർ കിരൺ അവതരിപ്പിച്ചു. ലോകകേരള സഭ അംഗമായ ആർ. നാഗനാഥൻ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ബിജോയ് അനുശോചന പ്രമേയം അവതരിപ്പിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സണ്ണി സൈജേഷ് സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ടി വി ഹിക്മത് നന്ദിയും രേഖപ്പെടുത്തി.
Home Kuwait Associations മാനവ സമൂഹം ആഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളുടെ രാഷ്ട്രീയമാണ് ഇന്ന് നാം ചർച്ച ചെയ്യേണ്ടത് –...