കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ 262 കിലോഗ്രാം കേടായ മത്സ്യവും 25 കിലോഗ്രാം മായം കലർന്ന മാംസവും കണ്ടെത്തി നശിപ്പിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കൾ പ്രദർശിപ്പിക്കുന്നത് മുതൽ മായം കലർന്ന ഭക്ഷണത്തിൻ്റെ വ്യാപാരം ഉൾപ്പടെ 26 നിയമലംഘനങ്ങളും കണ്ടെത്തി. ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കുന്നതും പൊതു ശുചിത്വ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായും പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.