മൈസൂരുവിന് അഭിമാനത്തിന്റെ നിറങ്ങൾ പകരുമ്പോൾ

മൈസൂരുവിന്‍റെ രണ്ടാം പ്രൈഡ് മാർച്ചിന് എത്തിച്ചേർന്നത് വിവിധ നഗരങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഒരു കൂട്ടം മനുഷ്യർ പീപ്പ്ൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ശ്വേത ധാഗ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്ന്

2024 ഫെബ്രുവരി 18, ഉച്ചകഴിഞ്ഞ് 3 മണി.. മധ്യാഹ്ന സൂര്യന്‍റെ ചൂടിൽ, നഗരത്തിന്‍റെ രണ്ടാമത്തെ പ്രൈഡ് മാർച്ച് ആഘോഷിക്കാൻ വർണ്ണാഭമായ വസ്ത്രം ധരിച്ചെത്തിയ ഏകദേശം നാനൂറോളം ആളുകളായിരുന്നു. ഇവർ സബാറിൽ നിന്നും മൈസൂരു ടൗൺ ഹാൾ വരെ പ്രൈഡ് മാർച്ച് നടത്തി. ക്വീർ കമ്മ്യൂണിറ്റിയിലെ ഓരോരുത്തരും അനുഭവിച്ച യാതനകളുടെ ഓർമപ്പെടുത്തലും സ്വന്തം ഐഡന്റിറ്റി ഉയർത്തിപ്പിടിക്കുന്നതിലെ അഭിമാനവുമായിരുന്നു പ്രൈഡ് മാർച്ചിലൂടെ കാണാനായത്.

“ഇവിടെ [മാർച്ചിൽ] എത്തിയതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. മൈസൂർ നഗരം ഒരുപാട് മാറിയിരിക്കുന്നു,” നഗരത്തിൽ ജനിച്ചു വളർന്ന ഷൈക്‌സാര പറയുന്നു. കഴിഞ്ഞ 5-6 വർഷമായി ഞാൻ ക്രോസ് ഡ്രസ്സിംഗ് ചെയ്യുന്നു. ഒരു ആൺ എന്തിനാണ് പെൺകുട്ടിയുടെ വസ്ത്രം ധരിക്കുന്നത് എന്ന രീതിയിലായിരുന്നു ആളുകൾ എന്നെ വിലയിരുത്തിയിരുന്നത്. എന്നാലിപ്പോൾ കഥയാകെ മാറി, ആളുകൾ കൂടുതലായി അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ‘ഞാൻ ആരാണെന്നതിൽ ഒരുപാട് അഭിമാനിക്കുന്നു.’ ബംഗളൂരുവിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുന്ന 24 കാരൻ പറയുന്നു. ഷൈക്‌സാരയെപ്പോലെ, കർണാടക, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് പിന്തുണ അറിയിച്ച് നിരവധി പേർ പ്രൈഡ് മാർച്ചിൽ എത്തിയിരുന്നു. യെല്ലമ്മ ദേവിയുടെ (രേണുക ദേവി ) സ്വർണ പ്രതിമയായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. ഏകദേശം 10 കിലോഗ്രാം ഭാരമുള്ള പ്രതിമയാണ്ഇത്. നർത്തകരും മാർച്ചിൽ പങ്കെടുക്കുന്ന മറ്റുള്ളവരും ഇത് തലയിൽ ചുമന്നുനടക്കുന്നുണ്ട്.

ട്രാൻസ് കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന നമ്മ പ്രൈഡ്, സെവൻ റെയിൻബോസ് എന്നിവയുടെ പിന്തുണയോടെയാണ് മാർച്ച് സംഘടിപ്പിച്ചത്. “ഈ വർഷം ഞങ്ങളുടെ രണ്ടാമത്തെ മാർച്ചായിരുന്നു, ഒരു ദിവസം കൊണ്ടുതന്നെ പോലീസ് അനുമതി ലഭിച്ചു. അതേസമയം കഴിഞ്ഞ വർഷം ഞങ്ങൾക്ക് അനുമതി ലഭിക്കാൻ രണ്ടാഴ്ചയെടുത്തു,” സമൂഹത്തിൽ എല്ലാവരും ബഹുമാനത്തോടെ കാണുന്ന പ്രണതി അമ്മ പറഞ്ഞു. സെവൻ റെയിൻബോസിന്‍റെ സ്ഥാപകയായ പ്രണതി അമ്മ ലിംഗഭേദം, ലൈംഗികത എന്നീ വിഷയങ്ങളിൽ ഇന്ത്യയിലുടനീളം 37 വർഷത്തിലേറെയായി പ്രവർത്തിച്ചുവരികയാണ്. “പോലീസുമായി നന്നായി ആശയവിനിമയം നടത്താൻ ഞങ്ങൾ പഠിക്കുകയാണ്. ഞങ്ങളെ അംഗീകരിക്കാത്തവരും ഞങ്ങളെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരുമായ നിരവധി ആളുകൾ ഇപ്പോഴും മൈസൂരിലുണ്ട്. എന്നാൽ, ഓരോ വർഷവും പ്രൈഡ് മാർച്ച് കെങ്കേമമാക്കാനും വൈവിധ്യപൂർണ്ണമാക്കാനുമാണ് ഞങ്ങളുടെ ശ്രമമെന്ന് പ്രണതി അമ്മ പറയുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് ഏരിയയിലൂടെയായിരുന്നു കിലോമീറ്ററുകൾ നീണ്ട മാർച്ച്. ആഘോഷം സുഗമമായി നടക്കാൻ അനുവദിച്ചുകൊണ്ട് ട്രാഫിക് ക്ലിയർ ചെയ്യാൻ ലോക്കൽ പോലീസ് സജീവമായി സഹായിച്ചു. “ഞങ്ങൾ ട്രാൻസ്‌ജെൻഡർ സമൂഹത്തെ ബഹുമാനിക്കുന്നു. മോശമായ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാനാണ് അവരോടൊപ്പം ഉള്ളത്. ട്രാൻസ്‌ജെൻഡർ ആളുകളുടെ വളർച്ചയെയും നല്ല പ്രവൃത്തികളെയും പിന്തുണയ്ക്കുന്നതായും അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ വിജയേന്ദ്ര സിംഗ് പറഞ്ഞു.

“ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത് സങ്കീർണ്ണമായ ഒരു ഇടമാണ്. ഇവർക്ക് ചുറ്റും വിവേചനത്തിന്‍റെ മതിൽക്കെട്ടുകൾ ഉണ്ട്. ഒരു രാത്രികൊണ്ട് ആരുടെയും മനസ്സോ കാലങ്ങളായി കെട്ടിപ്പടുക്കപ്പെട്ട അവരുടെ ധാരണകളോ മാറില്ല. എന്നൽ ഇത്തരം മാർച്ചുകൾ, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിൽ അക്രമരഹിതമായി നടക്കുമ്പോൾ എനിക്ക് എന്തോ പ്രതീക്ഷ തോന്നുന്നു” – മാനസികാരോഗ്യ പ്രൊഫഷണലും ക്വിർ വ്യക്തിയുമായ ദീപക് ധനഞ്ജയ പറയുന്നു. `ഞാൻ സർവകലാശാലയിൽ പഠിക്കുമ്പോൾ വിവേചനങ്ങൾ ഒരുപാട് നേരിട്ടു. പലരും എന്നെ ദുരുപയോഗം ചെയ്തു. ആ അനുഭവങ്ങളിൽ നിന്നുമാണ് എന്‍റെ അവകാശങ്ങൾ സ്ഥിരീകരിക്കുന്നതിനും അവ ഉറപ്പിക്കുന്നതിനുമായി ഞാൻ തീരുമാനിച്ചത്’ – പ്രൈഡ് മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക് ആശ സുകാനന്ദ് പറഞ്ഞു. ഞാൻ ചെയ്യുന്ന ഓരോ മാർച്ചും ഞാനും എന്‍റെ സാഹചര്യത്തിലുള്ള മറ്റുള്ളവരും നേരിടുന്ന പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. മൈസൂരുവിലെ എൽ.ജി.ബി.ടി കമ്മ്യൂണിറ്റിയുടെ യഥാർത്ഥ ശക്തി ഞങ്ങൾ കണ്ടു. ഇത് വളരെ ആശ്വാസം നൽകുന്നു. ബംഗളൂരുവിൽ നിന്നെത്തിയ അധ്യാപകനും ഷെഫുമായ പ്രിയങ്ക് കൂട്ടിച്ചേർത്തു.