മോദിയെത്തി; വരവേറ്റ് കുവൈത്ത് ഭരണകൂടം

0
37

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ ചീഫ് അബ്‌ദുൽ അസീസ് അൽ ദഖീൽ, വിദേശകാര്യ മന്ത്രി അബ്‌ദുല്ല അൽ യഹ്‌യ, ഉപദേഷ്ട‌ാവ് എന്നിവർ ചേർന്ന് അവരെ സ്വീകരിച്ചു. മോദിയുടെ സന്ദർശനം ഇന്ത്യയും ഗൾഫ് രാജ്യവും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ‘തലമുറകളായി പരിപോഷിപ്പിക്കപ്പെട്ട കുവൈറ്റുമായുള്ള ചരിത്രപരമായ ബന്ധത്തെ ഞങ്ങൾ ആഴത്തിൽ വിലമതിക്കുന്നു. ഞങ്ങൾ ശക്തമായ വ്യാപാര-ഊർജ്ജ പങ്കാളികൾ മാത്രമല്ല, പശ്ചിമേഷ്യയിലെ സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയിൽ താൽപ്പര്യവും പങ്കുവെച്ചിട്ടുണ്ട്,” കുവൈത്തിലെ മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ സ്വീകരിച്ച മോദി പറഞ്ഞു. അമീറുമായും കിരീടാവകാശിയുമായും കുവൈറ്റ് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുന്നതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാക്കുന്നതിന് വളരെയധികം സംഭാവനകൾ നൽകിയ കുവൈത്തിലെ ഇന്ത്യൻ പ്രവാസികളെ കാണാനും ആകാംക്ഷയോടെ കാത്തിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ഗൾഫ് മേഖലയിലെ പ്രധാന കായിക ഇനമായ അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് കുവൈറ്റ് നേതൃത്വത്തോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. അത്‌ലറ്റിക് മികവിൻ്റെയും പ്രാദേശിക ഐക്യത്തിൻ്റെയും ഈ ആഘോഷത്തിൻ്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.