മോദിയെ വെറുത്തോളു; ഇന്ത്യയെ വെറുക്കരുത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ തള്ളി പ്രധാനമന്ത്രി

0
14

ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമത്തെപ്പറ്റിയും പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. പൗരത്വ നിയമം ആരുടെയും അവകാശങ്ങൾ ഇല്ലാതാക്കുന്നില്ല ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നുമില്ല. മറിച്ചുള്ള വാദങ്ങൾ അപവാദ പ്രചരണങ്ങളാണ്. ദാരിദ്രം ഇല്ലതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വികസന പ്രവർത്തനങ്ങൾ നടത്തുന്നത് ജാതിയും മതവും നോക്കിയല്ല മോദി വ്യക്തമാക്കി.

സർക്കാർ പക്ഷാപാതപരമായി പെരുമാറുന്നുവെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ വിമർശിച്ച മോദി, ‘മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്… പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, എന്നാണ് പറഞ്ഞത്.

ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നെതും മോദി ആരോപിച്ചു. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്‌സലുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങൾ നിര്‍മിക്കുന്നുവെന്ന് അവർ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി.