മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കണം. കൊല്ലത്ത് യുവാവ് പോലീസ്സ്റ്റേഷനില്‍ നിന്നും പോലീസുകാരന്‍റെ ഫോണ്‍ മോഷ്ടിച്ചു

വിജി മനോജ്‌

0
19

പുലിയെ അതിന്‍റെ മടയില്‍ പോയി തോല്‍പ്പിക്കണം എന്നു മ്മടെ ലാലേട്ടന്‍ പറഞ്ഞിട്ടുണ്ട്. ലാലേട്ടന്‍റെ ഫാനാണോ എന്നൊന്നും അറിയില്ല, നമ്മുടെ കൊല്ലത്ത് ഒരു സഖാവ് ഏതാണ്ട് ഇങ്ങനെയൊരു കാര്യം ചെയ്തു ‘ഹീറോ’ ആയിരിക്കുകയാണ് ഇപ്പോള്‍. എന്നുകരുതി ഇദ്ദേഹം കാട്ടില്‍പ്പോയി പുലിയെ പിടിച്ചു എന്നൊന്നും ചിന്തിച്ചേക്കല്ലേ, അതിനൊന്നും നമ്മളെ കിട്ടില്ല. അദ്ദേഹം ഇത്രയേ ചെയ്തുള്ളൂ, ഒരു ചെറിയ മോഷണം നടത്തി. ഒരു മൊബൈല്‍ഫോണ്‍. അതിലിപ്പോ എന്താ ഇത്ര പറയാന്‍, നമ്മുടെ നാട്ടിലെ LKG പിള്ളേരെവരെ മൊബൈല്‍ഫോണ്‍ മോഷണത്തിന് പിടിച്ചിട്ടുണ്ട്. അപ്പോഴാണോ പനപോലെ വളര്‍ന്ന ഒരു ചെറുസഖാവ് ചെയ്തത് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത് എന്നല്ലേ? അവിടെയാണ് സഖാവിന്‍റെ ധൈര്യം നമ്മള്‍ എടുത്തുപറയേണ്ടത്. അദ്ദേഹം മോഷ്ടിക്കാന്‍ കയറിയത് നിസ്സാരപ്പെട്ട കടയിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഒന്നുമല്ല. സാക്ഷാല്‍ പോലീസ്സ്റെഷനിലാണ്. ദോഷം പറയരുതല്ലോ ലക്‌ഷ്യം മോഷണമൊന്നും ആയിരുന്നില്ല കേട്ടോ, എതിര്‍സ്ഥാനാര്‍ത്ഥിയുടെ പോസ്റര്‍ നശിപ്പിച്ച ഒരു സഹ-സഖാവിനെ പോലീസാര് കൊണ്ടോയിന്ന് അറിഞ്ഞിട്ട് അവിടെവരെയൊന്നു പോയതാ. ഏതായാലും വന്നതല്ലേ പോലീസുകാര്‍ക്കിട്ട് രണ്ടു തെറി പറഞ്ഞിട്ട് പോകാമെന്ന് ചിന്തിച്ചിട്ടാണോ എന്തോ അത്തരം കലാപരിപാടികള്‍ എല്ലാം ഭംഗിയായി നടത്തി തിരിച്ചു പോകാന്‍ ഇറങ്ങിയപ്പോ മേശപ്പുറത്തിരിക്കുന്നു നമ്മുടെ കഥാനായകന്‍ ഫോണ്‍. ഒറ്റയ്കൊരു സ്മാര്‍ട്ട്ഫോണ്‍ പോലീസ്സ്റ്റേഷന്‍റെ മേശപ്പുറത്ത് അതും രാത്രി സമയത്ത് ഇരുന്നാല്‍ എന്തൊക്കെ സംഭവിച്ചുകൂടായെന്നു ചിന്തിച്ചപ്പോ ചോദിക്കാനും പറയാനും ആരും (അപ്പോള്‍) ഇല്ലാതിരുന്ന ആ ഫോണിനെയും കൂടെ നമ്മുടെ സഖാവ് കൂടെക്കൂട്ടി. അതിനാണ് കണ്ണില്‍ച്ചോരയില്ലാത്ത പോലീസുകാരു മോഷണം നടത്തി എന്നാരോപിച്ച് രായ്ക്കു രാമാനം അറസ്റ്റ് ചെയ്തത്. മോഷണം ഒരു ഹോബിയായി കൊണ്ടുനടക്കുന്ന എല്ലാവരും ഇതൊന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ചോദിക്കാനും പറയാനും ആരുമില്ലാതെ ഒറ്റയ്ക്കോ കൂട്ടമായോ ഇരിക്കുന്ന സകലസാധനങ്ങള്‍ക്കും കാവലായി മുകളില്‍ (ഭിത്തിയില്‍) ഒരാള്‍ ഇരിപ്പുണ്ട് എന്ന കാര്യം ഒരിക്കലും മറക്കാതെ ഇരിക്കുക.