മ്യൂസിക് ബീറ്റ്‌സും – ബി. ഡി .കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
37

കുവൈറ്റ് സിറ്റി: മ്യൂസിക് ബീറ്റ്‌സും – ബി. ഡി .കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് ഇന്ത്യാ-കുവൈറ്റ്‌ നയതന്ത്ര ബന്ധത്തിന്റെ 60 മത് വാർഷികത്തിന്റെയും, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷങ്ങളുടേയും ഭാഗമായിക്കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അദാൻ ബ്ലഡ് ബാങ്കിൽ വച്ച് ജനുവരി 07 വെള്ളിയാഴ്‌ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ സംഘടിപ്പിച്ച ക്യാമ്പിൽ; 50 ൽ പരം ആളുകൾ രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം മ്യൂസിക് ബീറ്റ്‌സ്‌ ഇവന്റ് ഡയറക്ടർ നിഥിൻ തോട്ടത്തിൽ നിർവ്വഹിച്ചു. സന്നദ്ധ രക്തദാനം എന്ന മഹത്തായ പ്രവൃത്തിയിലൂടെ, പുതിയ വർഷത്തിലേക്ക് പ്രവേശിക്കുക എന്ന മ്യൂസിക് ബീറ്റ്സിന്റെ ലക്ഷ്യമാണ് ക്യാമ്പ് നടത്തിപ്പിലൂടെ സഫലീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മ്യൂസിക് ബീറ്റ്‌സും – ബി. ഡി .കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി നടത്തിയ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും , മുൻ വർഷങ്ങളിൽ ബി. ഡി .കെ യുമായി ചേർന്ന് സംഘടിപ്പിച്ച ക്യാമ്പുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ക്യാമ്പിൽ ആദ്യാവസാനം സജീവമായി പങ്കെടുത്ത ക്രിസ്തുമസ് പാപ്പയുടെ പങ്കാളിത്തം ഏവർക്കും നവ്യാനുഭവമായി.

ബി. ഡി .കെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അരുൺ രാജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോഫി രാജൻ ,ജസ്സീന നിഥിൻ, ജെറീന ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ബിഡികെ ഇവന്റ് കോ ഓർഡിനേറ്റർ നിമീഷ് കാവാലം പരിപാടികൾ ഏകോപിപ്പിച്ചു. യോഗത്തിന് ജയൻ സദാശിവൻ സ്വാഗതവും , ഡോ. ഡെന്നി മാമ്മൻ നന്ദിയും പ്രകാശിപ്പിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മ്യൂസിക് ബീറ്റ്‌സ് പ്രവർത്തകരായ ഡോ. നിതു ആൻ ജോർജ്, ജിജോ, ജേക്കബ് , ബിഡികെ പ്രവർത്തകരായ ഡ്രീമി , ഇയോൺ, രതീഷ്, കലേഷ് , ശ്രീകുമാർ വിനോത് കുമാർ , ലിനി ജയൻ, ജോളി ,ബീന , വേണുഗോപാൽ, കെവിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 99811972 / 99164260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്