കുവൈത്ത് സിറ്റി : രാജ്യത്തെ സ്കൂൾ കാന്റീനുകളിൽ ഏഴ് തരം ഭക്ഷണ സാധനങ്ങൾ വിൽക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. വരാനിരിക്കുന്ന അധ്യയന വർഷം സുഗമമാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രയത്നങ്ങളുടെ ഭാഗമായാണിത്. സ്‌കൂളുകളിൽ കഫറ്റീരിയകൾ സജ്ജീകരിക്കാനുള്ള ശ്രമത്തിൽ ജ്യൂസുകൾ, പൈസ്, പാൽ, സാൻഡ്‌വിച്ചുകൾ, വിവിധ തരം ബിസ്‌ക്കറ്റുകൾ, സലാഡുകൾ, പഴങ്ങൾ എന്നിവയുൾപ്പെടെ ഉപഭോഗത്തിനായുള്ള നിരവധി ഭക്ഷ്യ ഉൽപന്നങ്ങൾക്ക് മന്ത്രാലയം അംഗീകാരം നൽകി. അതേസമയം, സ്‌കൂൾ കഫറ്റീരിയകളിൽ ഏഴ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചു. ഈ നിരോധിത ഇനങ്ങളിൽ ശീതളപാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ, സ്‌പോർട്‌സ്, എനർജി ഡ്രിങ്കുകൾ എന്നിവയും ചില സംസ്‌കരിച്ച ഭക്ഷണങ്ങളും ഉൾപ്പെടുന്നു. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥാപിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന ഇനങ്ങൾ നൽകാൻ 14 ഭക്ഷ്യ കമ്പനികൾക്കാണ് മന്ത്രാലയം അംഗീകാരം നൽകിയത്. പാൽ ഉൽപന്നങ്ങൾ, സാൻഡ്‌വിച്ചുകൾ, പേസ്ട്രികൾ എന്നിവ ഉണ്ടാക്കുന്ന ദിവസം തന്നെ വിതരണം ചെയ്യണം. എല്ലാ ഭക്ഷണവും സ്കൂൾ പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കണം. കൂടാതെ, കേടായ പാക്കേജിംഗോ മങ്ങിയ ലേബലുകളോ സ്വീകാര്യമല്ല. പ്രത്യേക കണ്ടെയ്നറുകളിൽ ഭക്ഷണം പായ്ക്ക് ചെയ്യണം. ഗ്ലാസ് പാത്രങ്ങൾ അനുവദനീയവുമല്ല.
സ്‌കൂൾ കഫറ്റീരിയകളിൽ അനുവദനീയമല്ലാത്ത ഭക്ഷണങ്ങൾ
- എല്ലാത്തരം ശീതളപാനീയങ്ങളും
- ടിന്നിലടച്ച ഫ്രൂട്ട് ജ്യൂസ്
- സ്പോർട്സ് ഡ്രിങ്ക്സ്
- എനർജി ഡ്രിങ്ക്സ്
- ച്യൂയിംഗ് ഗം, ലോലിപോപ്പ്, മിഠായി, മധുരപലഹാരങ്ങൾ
- ഫ്രെഞ്ച് ഫ്രൈകളും സോസേജുകൾ പോലെയുള്ള സംസ്കരിച്ച മാംസങ്ങൾ
- അച്ചാറുകൾ, മയോന്നൈസ്