രാജ്യത്ത് ഇനി വാഹനയിടപാടുകൾ ബാങ്കിങ് ചാനലുകൾ വഴി മാത്രം

കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന വിൽപ്പനയിൽ പണം ഇടപാടുകൾ നിരോധിച്ചു കൊണ്ടുള്ള ന നിയന്ത്രണങ്ങൾ പുറത്തിറങ്ങി. ഒക്ടോബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ ആണ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയത്. ഇനി മുതൽ എല്ലാ വാഹന ഇടപാടുകളും ബാങ്കിംഗ് ചാനലുകൾ വഴി മാത്രമായിരിക്കണം. പണമിടപാടുകൾ നിരോധിക്കണമെന്നും ഇടപാടുകൾ ബാങ്കുകൾ വഴി മാത്രമേ നടത്താവൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിലും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പഴുതുകൾ പരിഹരിക്കുന്നതിലും ഈ മാറ്റം നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ, ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും അവയുടെ ഉത്ഭവം പരിശോധിക്കാനും ഇടപാടുകൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അധികാരികൾ കൂടുതൽ സജ്ജരാകും. ലംഘിക്കുന്നവർക്കെതിരെ കർശനമായ പിഴ ചുമത്തുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.