കുവൈത്ത് സിറ്റി: നിലവിൽ കുവൈത്ത് റോഡുകളിൽ കാറുകളും മോട്ടോർ ബൈക്കുകളും ഉൾപ്പെടെ 47,000 ഡെലിവറി വാഹനങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ. എന്നാൽ, ഇവയിൽ 3000ത്തിലധികം വാഹനങ്ങളും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പുതുക്കിയിട്ടില്ല. നിലവിലെ നിയമം അനുസരിച്ച്, വാഹനത്തിൻ്റെ ആയുസ്സ് കാറുകൾക്ക് ഏഴ് വർഷത്തിൽ താഴെയും മോട്ടോർ ബൈക്കുകൾക്ക് നാല് വർഷത്തിൽ താഴെയും ആയിരിക്കണം. രാത്രിയും പകലും സർവീസ് നടത്തുന്ന ഡെലിവറി ഡ്രൈവർമാർ അനുചിതമായ മാർഗങ്ങളിലൂടെയാണ് ലൈസൻസ് നേടിയതെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഗുരുതരമായ ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനത്തിൽ പറയുന്നുണ്ട്. ചില വീട്ടുജോലിക്കാർ അവരുടെ സ്പോൺസർമാരിൽ നിന്ന് രക്ഷപ്പെട്ട് മെച്ചപ്പെട്ട വേതനത്തിന് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്നതായും പഠനം ചൂണ്ടിക്കാട്ടി.