രാജ്യസഭയും കടന്നു: പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്ല് പാസായി

0
14

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി. 105 പേരുടെ പിന്തുണ വേണ്ടിയിരുന്നിടത്ത് 125 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. 105 പേരാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്. ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. സേന ബില്ലിനെ അനുകൂലിച്ചതിനെതിരെ മഹാരാഷ്ട്രയിലെ സഖ്യ കക്ഷികൾ എതിർത്തിരുന്നു. ആ സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് സൂചന. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരെ പ്രതിഷേധം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായതെന്നതാണ് ശ്രദ്ധേയം. മുസ്ലീം വിഭാഗങ്ങളെ ഒഴിവാക്കിയുള്ള ബില്ലിൽ പ്രതിപക്ഷവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ലോക്സഭയില്‍ 80നെതിരെ 311 വോട്ടുകൾക്കായിരുന്നു ബില്ല് പാസായത്. അതുകൊണ്ട് തന്നെ രാജ്യസഭയിലും വെല്ലുവിളി ഒന്നും തന്നെയുണ്ടാകില്ലെന്ന് വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.