മലയാളി ദമ്പതികളെ അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ദമ്പതികളെ അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ദമ്പതികളെ അബുദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്‌ളോറിക്കല്‍ ഹില്‍ റോഡില്‍ പട്ടേരി ജനാര്‍ദനന്‍(57), ഭാര്യ മിനിജ(52) എന്നിവരാണ് മരിച്ചത്. അബുദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് മൃതദേഹങ്ങങള്‍ കണ്ടത്.

ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദനന്‍. മിനിജ സ്വകാര്യ ഓഡിറ്റിങ് സ്ഥാപനത്തില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റും. ദിവസങ്ങള്‍ക്ക് മുന്‍പ് ജനാര്‍ദ്ദനന്റെ ജോലി നഷ്ടപ്പെട്ടിരുന്നതായാണ് വിവരം. ഇതിന്റെ മനോവിഷമം ഇവര്‍ക്കുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. താമസിക്കുന്ന ഫ്‌ളാറ്റിന്റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമ പൊലിസിനെ അറിയിച്ചു.
ഏക മകന്‍ സുഹൈല്‍ ബംഗലുരു എച്ച്പിയില്‍ എന്‍ജിനീയറാണ്. കഴിഞ്ഞ 18 വര്‍ഷമായി ഇവര്‍ കുടുംബ സമേതം അബുദബിയിലുണ്ട്. സുഹൈല്‍ അബുദബി സ്‌കളിലായിരുന്നു പഠിച്ചത്. അതിനു ശേഷം ഓസ്‌ട്രേലിയായയില്‍ ഉപരിപഠം കഴിഞ്ഞാണ് ബംഗലുരുവില്‍ ജോലിക്ക് ചേര്‍ന്നത്.
കഴിഞ്ഞ നാലു ദിവസമായി മാതാപിതാക്കള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് സുഹൈല്‍ വ്യാഴാഴ്ച വൈകീട്ട് അബുദബിയിലെ കുടുംബ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറും ഇവരെ നാലു ദിവസമായി കണ്ടിട്ടില്ലായിരുന്നു. തുടര്‍ന്ന് സുഹൈല്‍ ഇമെയില്‍ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി അബുദബി പൊലീസ് ഫ്‌ളാറ്റ് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ജനാര്‍ദ്ദനന്റെ അച്ഛന്‍: പരേതനായ പട്ടേരി സിദ്ധാര്‍ഥന്‍, അമ്മ: പുന്നത്ത് സരസ. സഹോ: പുണ്യവതി സ്വാമിനാഥന്‍ (ബംഗലുരു), നിഷി ശശിധരന്‍. മിനിജയുടെ പിതാവ്: റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കെടി ഭാസ്‌കരന്‍ (തയ്യില്‍), അമ്മ: ശശികല, സഹോ: മഹേഷ് (ഹോമിയോ ഡോക്ടര്‍, ന്യൂഡല്‍ഹി).