കുവൈത്ത് സിറ്റി : ലഹരിയുടെ വ്യാപകമായ ഉപയോഗവും അതിക്രമങ്ങളും തടയാൻ ഉത്തരവാദപ്പെട്ട സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മസ്ജിദുൽ കബീറിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്ത്വാർ സംഗമം അഭിപ്രായപ്പെട്ടു. മാനവരാശി നേരിടുന്ന സമകാലിക പ്രശ്നങ്ങൾക്കുള്ള പരിഹാരം ഖുർആൻ പഠനത്തിലൂടെയും അതിന്റെ സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലൂടെയും നേടിയെടുക്കാവുന്നതാണെന്ന് യുവ പണ്ഡിതനും പ്രമുഖ ഖുർആൻ ഖാരിയുമായ നൗഷാദ് മദനി കാക്കവയൽ പറഞ്ഞു. “ഖുർആൻ അവതരിച്ച മാസം “ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ബാല്യ കൗമാര യൗവനകാലങ്ങളിൽ കണ്ടുവരുന്ന അതിക്രമങ്ങൾ ലഹരിയുടെ പിൻബലത്തിൽ നടക്കുന്ന കൊലപാതകങ്ങൾ സാമ്പത്തിക അഴിമതികൾ തുടങ്ങിയവയുടെ പരിഹാരം കുടുംബ തലത്തിൽ നിന്നുതന്നെ ആരംഭിക്കണം. മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഖുർആൻ പഠനവും അതനുസരിച്ചുള്ള കാഴ്ചപ്പാടുകളും കുട്ടികൾക്ക് നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
സംഗമം ഔക്കാഫ് പ്രതിനിധി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആൻ പഠനത്തിന് എല്ലാവരും സമയം കണ്ടെത്തണം. അതിനുള്ള അവസരം കുവൈത്തിൽ വ്യാപകമായുണ്ടെന്നും നമ്മുടെ ജീവിതത്തെ നേരായ ദിശയിലേക്ക് വിശുദ്ധ പഠനം വെളിച്ചമേകുമെന്നും ഉദ്ഘാടന ഭാഷണത്തിൽ മുഹമ്മദ് അലി സൂചിപ്പിച്ചു.
ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി, കെ.കെ.എം.എ ട്രഷറർ മുനീർ കുനിയാ, മുഹമ്മദ് ജമാൽ, സിദ്ധീഖ് മദനി, അനസ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി, സെക്രട്ടറി അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. അൽ അമീൻ സുല്ലമി ഖിറാഅത്ത് നടത്തി.