കുവൈത്ത് സിറ്റി : വിശുദ്ധ ഖുർആൻ ലോകത്തിന് മാർഗദീപമാണെന്നും ദൈവ ഗ്രന്ഥത്തിലെ ആഴത്തിലുള്ള സന്ദേശങ്ങൾ മനസിനെ തൊട്ടുണർത്തുകയും ശാസ്ത്രീയ സത്യങ്ങൾ അനാവരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് യുവ പണ്ധിതൻ അൽ അമീൻ സുല്ലമി കാളിക്കാവ് വ്യക്തമാക്കി. മസ്ജിദുൽ കബീറിൽ ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിലുള്ള ഖുർആൻ ലേണിംഗ് സ്കൂൾ, വെളിച്ചം പരീക്ഷ പഠിതാക്കളുടെ സംഗമത്തിൽ വെളിച്ചം വഴി തെളിക്കുന്നു എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുർആനിലെ അത്ഭുതരമായ ആശയത്തിലൂടെ ലോകമെമ്പാടും നിരവധി പേർ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്നു. ഖുർആൻ ലോകത്തിന് വെളിച്ചവും നിർദ്ദേശവും നൽകുന്ന പ്രകാശമാണ്. മുസ്ലിംകൾ ഈ ഗ്രന്ഥത്തിന്റെ മാർഗനിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തുകയും അതിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് അമീൻ സുല്ലമി വിശദീകരിച്ചു.
സംഗമത്തിൽ ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സിദ്ധീഖ് മദനി, അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.