ലോക്ക് ഡൗൺ കാലത്ത് ക്യാൻസർ ചികിത്സയ്ക്ക് നാട്ടിലെത്തിച്ച പെൺകുട്ടി മരണമടഞ്ഞു

0
24

കുവൈത്ത്‌ സിറ്റി : പ്രതീക്ഷയും പ്രാർത്ഥനകളും ബാക്കിയാക്കി സാധിക മടങ്ങി. കഴിഞ്ഞ കോവിഡ്
ലോക്ക്‌ ഡൗൺ കാലത്താണ് ക്യാൻസർ മൂലം അടിയന്തര ശസ്ത്രക്രിയ ആവശ്യമായ സാധികയെ എയർ ലിഫ്റ്റ്‌ ചെയ്ത് നാട്ടിൽ ചികിത്സയ്ക്ക്‌ കൊണ്ട്‌ പോയത്. ചികിത്സയിലിരിക്കെ
ഇന്നലെ രാത്രിയോടെയാണ് മരണമടഞ്ഞത്‌. ആറ് വയസ്സായിരുന്നു. പാലക്കാട്‌ കിഴക്കഞ്ചേരി സ്വദേശിനിയാണ് സാധിക രതീഷ്‌
ചെവിക്ക് കാൻസർ ബാധിച്ചു കുവൈത്ത്‌ കേൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. കുവൈത്തിൽ തുടർ ചികിത്സക്ക്‌ സൗകര്യമില്ലാത്തതിനാൽ എത്രയും പെട്ടെന്ന് മറ്റു മാർഗ്ഗങ്ങൾ തേടണമെന്നു ആശുപത്രി അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് നിസ്സഹായാവസ്ഥയിലായ പെൺകുട്ടിയുടെ രക്ഷിതാക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. അവർ ഇന്ത്യൻ എംബസിയിലും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ബന്ധപ്പെട്ടതോടെയാണു കുട്ടിയുടെ വിദഗ്ദ ചികിത്സക്ക്‌ വഴിയൊരുങ്ങിയത്‌.തുടർന്ന് കഴിഞ്ഞ ഏപ്രിൽ 25ന് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്കായി ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ നാട്ടിൽ എത്തിച്ചു.
കൊറോണ വൈറസ്‌ ചികിൽസയിൽ കുവൈത്തിനെ സഹായിക്കാൻ എത്തിയ ഇന്ത്യൻ വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ സാധികക്കും പിതാവ്‌ രതീഷ്‌ കുമാറിനും യാത്രാ സൗകര്യം ഒരുക്കിയാണ് ഇവരെ നാട്ടിലെത്തിച്ചത്. കുവൈത്തിൽ നിന്നും തിരിച്ചു പോകുന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തിന്റെ വൈദ്യ സഹായവും പെൺകുട്ടിക്കായി വിമാനത്തിൽ ഒരുക്കിയിരുന്നു. ഗൾഫിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാ പ്രവർത്തനം എന്നനിലയിൽ സംഭവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സാധികക്ക്‌ എയിംസിൽ ആയിരുന്നു വിദഗ്ധ ചികിത്സ ഒരുക്കിയത്‌.പിന്നീട്‌ പെൺകുട്ടിയെ തിരുവനന്തപുരം ക്യാൻസർ സെന്ററിലേക്ക്‌ മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണു ഇന്നലെ രാത്രി അന്ത്യം സംഭവിച്ചത്‌.