കുവൈറ്റ്: ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ വിശ്വാസികൾ ഇടതു മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കുവൈറ്റ് പിസിഎഫ് സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സംബദ് വ്യവസ്ഥ ബി.ജെ.പി. ഭരണത്തില്‍ തകര്‍ന്നിരിക്കുന്നു.പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു.
ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാസിസ്റ്റുവല്ക്കരിക്കപ്പെടു ന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായി. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഗണിക്കാതെ വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ പ്രചരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി ജനതയെ വിഭജിക്കാന്‍ ശ്രമിക്കുന്നു. മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഫാസിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്ന് പിസിഎഫ് കമ്മിറ്റി യോഗം വിലയിരുത്തി.
സംഘ്പരിവാറിനും ഫാസിസത്തിനുമെതിരെ താരതമ്യേന മികച്ച രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഈ കാലഘട്ടത്തിൽ നമ്മുക്ക് ചെയ്യാവുന്ന ഏക പോമ്പഴി, മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണി ബി.ജെ.പി.ക്കെതിരെ രാഷ്ട്രീയ ബദലിന് ശ്രമിക്കുന്നത് രാജ്യം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ സംഘ്പരിവാരത്തോടും ബി.ജെ.പി.യോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാന കക്ഷിയായി നിലനില്‍ക്കേണ്ടതുണ്ടെന്നു പിസിഎഫ് കുവൈറ്റ് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ഇടതു മതേതര ചേരി കൂടി ശക്തമായി തിരിച്ച് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞ് കേരളീയ പൊതുസമൂഹം ശക്തമായ രാഷ്ട്രീയ പിന്തുണയും മികച്ച വിജയവും നല്‍കണം. നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിനായി ശക്തമായ ബഹുജന കാംപയിനുമായി പിസിഎഫ് പ്രവർത്തകർ രംഗത്തിറങ്ങും.
ഏതാനും മണ്ഡലങ്ങളില്‍ ബി.ജെ.പി. ഉയര്‍ത്തുന്ന രാഷ്ട്രീയ ഭീഷണി കേരളത്തിന്റെ പൊതുവായ മതേതര രാഷ്ട്രീയ ഭൂമികക്ക് ഭീഷണി ആയതിനാല്‍ ഫാസിസത്തിനെതിരെയുള്ള മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കത്തക്ക നിലയില്‍ ഇടതുമുന്നണിക്കനുകൂലമാക്കാന്‍ കൂട്ടായി പരിശ്രമിക്കും.
യോഗത്തിൽ റഹിം ആരിക്കാടി അധ്യക്ഷത വഹിച്ചു. ഷുക്കൂർ അഹമ്മദ്, സലിം തിരൂർ, ഫസലുദീൻ പുനലൂർ, വഹാബ് ചുണ്ട, സജ്ജാദ്, സലാം, അയ്യുബ്എന്നിവർ സംസാരിച്ചു. ഇഖ്ബാൽ സ്വാഗതവും സിദീഖ് നന്ദിയും പറഞ്ഞു.