ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരം : സാജു സ്റ്റീഫനും ഷീബ പ്രമുഖിനും മൂന്നാം സ്ഥാനം

0
136

എറണാകുളം : ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച സാജു സ്റ്റീഫനും ഷീബ പ്രമുഖും വിവിധ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വേദിയിൽ നടന്ന ‘അക്ഷരായനം 2024’ ഫൈനലിലാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് അംഗങ്ങളായ ഇരുവരും വിജയികളായത്.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബുകളുടെ പൊതുവേദിയാണ് ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ്. 16 രാജ്യങ്ങളിലായി 40 ക്ലബ്ബുകൾ ആണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര പ്രസംഗ മത്സര വിഭാഗത്തിലാണ് ഷീബ പ്രമുഖ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ഷീബ ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ കേംബ്രിഡ്ജ് വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2020-21 പ്രവർത്തന വർഷം ഡിസ്ട്രിക്ട് 20 ലെ മികച്ച ഏരിയ ഡയറക്ടർക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.

പന്തളം സ്വദേശിയായ സാജു സ്റ്റീഫൻ തത്സമയ വിഷയപ്രസംഗം, മൂല്യനിർണയ പ്രസംഗം എന്നീ മത്സരങ്ങളിൽ ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആരോഗ്യമന്ത്രാലയത്തിൽ നഴ്സായി ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാഗമായിരുന്ന അദ്ദേഹം ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ് വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷൻ, അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

പൊതു പ്രഭാഷണത്തിലും നേതൃത്വ വൈദഗ്ദ്യത്തിലും മലയാളത്തിൽ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കുവൈറ്റിലെ ഏക ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് (ബി കെ എം ടി സി). ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ ശൃംഖലയിലൂടെ പൊതു പ്രഭാഷണവും നേതൃത്വ നൈപുണ്യവും പഠിപ്പിക്കുന്ന ലാഭരഹിത വിദ്യാഭ്യാസ സംരംഭമാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ. വിശദ വിവരങ്ങൾക്കും അംഗത്വം നേടുവാനും ബന്ധപ്പെടുക ഷബീർ സി എച്ച് ( 9891 3887 ) , പ്രമുഖ് ബോസ് ( 9902 4673).