വയനാടിന് കൈത്താങ്ങായി പിപിഎഫ് കുവൈറ്റ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി

0
53

കുവൈറ്റ് സിറ്റി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം( പി.പി.എഫ്) കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പിപിഎഫ് കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അസീം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഫണ്ട് കൈമാറി. അംഗങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചു കൊണ്ടാണ് പി.പി.എഫ് ധനസഹായം നൽകിയത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ കേരള സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പി.പി.എഫ് കുവൈറ്റ് അഭിനന്ദിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യത്തിൽ എല്ലാ കുവൈറ്റ് പ്രവാസി സുഹൃത്തുക്കളുടേയും സഹായം ഇതിനായി ഉണ്ടാകണം. നമ്മുടെ സഹോദരങ്ങൾക്കുണ്ടായ നഷ്ടത്തിൽ അവരോടൊപ്പം ചേർന്ന് നിൽക്കുക എന്നത് നമ്മുടെ കർത്തവ്യമാണെന്നും, ദുരിതബാധിതരെ പുനരധിവാസിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളെ പിന്തുണയ്‌ക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും പി.പി.എഫ് കുവൈറ്റ് പ്രസിഡന്റ് പ്രശാന്ത് വാര്യർ, ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ എന്നിവർ പറഞ്ഞു.