വയനാട്: വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേയ്ക്കടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങൾ.ഇതിൽ 87 സ്ത്രീകളും 98 പുരുഷന്‍മാരും 30 കുട്ടികളുമാണ്. 148 മൃതശരീരങ്ങള്‍ കൈമാറിയിട്ടുണ്ട്. 206 പേരെ ഇനിയും കണ്ടെത്താനുമുണ്ട്. 81 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ തുടരുന്നതായും 206 പേരെ ഡിസ്ചാര്‍ജ് ചെയ്തു ക്യാമ്പുകളിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിലവില്‍ വയനാട്ടില്‍ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരും ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേര്‍ താമസിക്കുന്നുണ്ട്.ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുകയാണ്.അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിങ്ങനെ സോണുകളില്‍ നടത്തിയ തിരച്ചില്‍ ഇന്നലെ 11 മൃതദേഹങ്ങള്‍ കണ്ടെത്താനായി.
തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണുള്ളത്. അത് നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ നടത്തണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതു കണക്കിലെടുത്ത് സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നതിനു പഞ്ചായത്തുകള്‍ക്ക് മുന്‍കയ്യെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.