വയനാട് ദുരന്തം: പുനരധിവാസ പദ്ധതിയുമായി നാഷണൽ ലീഗ്

0
96

കുവൈത്ത് സിറ്റി: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങുമായി നാഷണൽ ലീഗ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 50 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള താൽക്കാലിക പുനരധിവാസ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. ഫ്ലാറ്റുകളുടെ താക്കോൽ ഏറ്റുവാങ്ങൽ ചടങ്ങും ഇതോടൊപ്പം നടക്കും. ബിൽഡിങ്ങുകളിലേക്കുള്ള താമസത്തിന്റെ ഉദ്ഘാടന കർമം റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് നിർവഹിക്കും. ആദ്യഘട്ടത്തിൽ 17 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിക്കുക. ബാക്കിയുള്ള കുടുംബങ്ങളെയും ഉടൻ തന്നെ മാറ്റിത്താമസിപ്പിക്കും. വയനാട് ദുരന്തത്തിൽ ആദ്യമായാണ് ഒരു സംഘടന താൽകാലികമായ താമസ സൗകര്യം ഒരുക്കുന്നത്.

ദുരന്തമുണ്ടായ ചൂരൽ മല, മുണ്ടക്കെ പ്രദേശങ്ങളും ദുരന്തത്തിൻ്റെ ഇരയായി എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും നാഷണൽ ലീഗ് നേതാക്കൾ സന്ദർശിച്ചിരുന്നു. നാഷണൽ ലീഗിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി റവന്യൂ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വയനാട് ജില്ലാ കളക്ടറെ നേരിട്ട് കണ്ട് താൽക്കാലിക പുനരധിവാസ പ്രൊപ്പോസൽ കൈമാറിയതായും മൂന്ന് ബിൽഡിങ്ങുകൾക്ക് അഡ്വാൻസ് കൊടുത്ത് രേഖ സമർപ്പിച്ചതായും നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പറഞ്ഞു.

സുന്ദരമായിരുന്ന ഒരു പ്രദേശം ഇന്ന് പാറക്കല്ലും മണ്ണും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കാനും എത്രമാത്രം ഭീകരമായിരുന്നു ആ ദിവസമെന്ന് തിരിച്ചറിയാനും സന്ദർശനത്തിലൂടെ കഴിഞ്ഞതായും സത്താർ കുന്നിൽ അറിയിച്ചു.ഇനിയെന്ത് എന്ന ചോദ്യം മാത്രം മുന്നിൽ അവശേഷിക്കുന്ന ഉറ്റവരെയും ഉടയവരെയും ഒറ്റ രാതി കൊണ്ട് നഷ്ടപ്പെട്ട ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. അടിയന്തരമായി അവർക്ക് അവിടുന്ന് മാറിത്താമസിക്കണം. അതുകൊണ്ട് തന്നെ കഴിയുന്നത്ര സഹായം നൽകുക എന്നതുകൂടിയായിരുന്നു സന്ദർശന ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.

വീടുൾപ്പടെ, ഉറ്റവരെ ഉൾപ്പെടെ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങളിൽ കുറച്ചുപേർക്കെങ്കിലും നാഷണൽ ലീഗ് വയനാട് റിഹാബിലിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനരധിവാസ സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എ.എം. അബ്ദുല്ലകുട്ടി, സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ഷബീൽ തങ്ങള്‍ , ശർമ്മദ്‌ ഖാൻ, സാലിഹ് മേടപ്പിൽ റഫീഖ് അഴിയൂർ , ഒ.പി റഷീദ് , ബഷിർ കൊടുവള്ളി| നജീബ് മേപ്പാടി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.