വരുന്നൂ കേരളത്തിന്റെ വിമാനം; പ്രവാസികൾ പ്രതീക്ഷയിൽ

കേന്ദ്രത്തിന്റെ അനുമതി നേടി എയർ കേരള

0
51

കുവൈത്ത് സിറ്റി: കേരളത്തിന്റെ സ്വന്തം വിമാനമെന്ന സ്വപ്നം പൂവണിയുന്നു. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മലയാളികളുടെ സ്വപ്നമായ എയർ കേരളക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. ദുബായിലെ മലയാളി വ്യവസായികൾ നേതൃത്വം നൽകുന്ന സെറ്റ്ഫ്ലൈ ഏവിയേഷൻ (Zettfly Aviation) എന്ന കമ്പനിക്കാണ് വിമാന സർവീസ് നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചത്. എയർ കേരള എന്ന പേരിൽ ആയിരിക്കും വിമാന സർവീസ്. കേരളം ആസ്ഥാനമായുള്ള ആദ്യത്തെ വിമാന കമ്പനിയായിരിക്കും ഇത്. തുടക്കത്തിൽ മൂന്നു വിമാനങ്ങളാണ് കമ്പനി വാങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. എ.ടി.ആർ 72 600 വിമാനങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഡൊമസ്റ്റിക് സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദേശ സർവീസുകളും ആരംഭിക്കും. സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്പനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ദുബായിൽ പ്രഖ്യാപിച്ചത്.