ഡൽഹി: കോവിഡ് വാക്സിന് അനുമതി നൽകിയത് രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ടുവാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാഅഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരഘട്ടത്തിൽ രാജ്യത്ത് കോവിഡ് വാക്സിൻ ഉപയോഗിക്കാൻ ഡിസിജിഐ അനുമതി നൽകിയിരുന്നു. ഇതോടെ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കാനാകും.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ.
വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നതു വൈകുമെന്നാണു സൂചന. സൈഡസ് കാഡിലയുടെ സൈകോവ്ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക് അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്.