തായിഫ്: സൗദിയിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് ഇന്ത്യക്കാർ മരിച്ചു. തായിഫ് സെയിൽ റോഡിൽ ഹവിയ്ക്ക് സമീപം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. നസ്ബാൻ കമ്പനിയിലെ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നാലു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ തായിഫ് കിംങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അപകടത്തില്‍ പരിക്കേറ്റ 19 പേരെ തായിഫ് കിംങ് ഫൈസല്‍ ആശുപത്രിയിലും കിംങ് അബ്ദുല്‍ അസീസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയിൽ കഴിയുന്നവരുടെ സേവനത്തിനായി തായിഫ് കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.