കൊച്ചി: ആറു പതിറ്റാണ്ടിലേറെ ഇന്ത്യൻ സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ നടി കവിയൂർ പൊന്നമ്മയുടെ വേർപാടിലാണ്ട് മലയാള സിനിമാലോകം. 79 കാരിയായ ഇവർ ആഴ്ചകളോളം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം മേയിൽ സ്റ്റേജ് 4 കാൻസർ സ്ഥിരീകരിച്ച പൊന്നമ്മയെ സെപ്തംബർ 3 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ യാണ് മരണപ്പെട്ടുവെന്ന വാർത്ത ആശുപത്രി അധികൃതർ അറിയിച്ചത്. മൃതദേഹം കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചയ്ക്ക് 12 വരെ പൊതുദർശനത്തിന് വെക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻമാരായ ദിലീപ്, കുഞ്ചാക്കോ ബോബൻ, നിർമ്മാതാവ് ബി ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെടെ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെത്തി പ്രിയനടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. നടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി. നാടക കലാകാരിയായും ചലച്ചിത്ര അഭിനേതാവായും പൊന്നമ്മയുടെ സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.