വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ

0
25

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ, പാർലമെന്‍‍ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ ഒമാനിലേക്ക് തിരിച്ചു. മന്ത്രിയായ ശേഷം ആദ്യമായി ഒമാൻ സന്ദർശിക്കുന്ന അദ്ദേഹം ഒമാൻ വിദേശകാര്യ , തൊഴിൽവകുപ്പ് മന്ത്രിമാർ ഉൾപ്പടെ വിവിധ മന്ത്രിമാരുമായി കൂടികാഴ്ച നടത്തും. ഇന്നും നാളെയുമായി (ഡിസം.16,17) നടക്കുന്ന സന്ദർശനത്തിൽ ഒമാനിലെ ഇന്ത്യൻ സമൂഹവുമായും പുതുതായി രൂപീകരിച്ചിട്ടുള്ള ഒമാൻ ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രതിനിധികളുമായും മന്ത്രി സംവദിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ, വിദ്യാഭ്യാസ ,ആരോഗ്യ , യോഗ സംഘടനാ ഭാരവാഹികൾ എന്നിവരുമായും കൂടികാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങൾക്കും പൊതു താത്പര്യമുള്ള ആന്താരാഷ്ട്ര , ഉഭയകക്ഷി വിഷയങ്ങളുമായി ബന്ധപ്പെട്ടും ഒമാനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിർണായക ചർച്ചകൾ സന്ദർശനത്തിനിടെ നടത്തും. 6 ലക്ഷത്തോളം ഭാരതീയർ കഴിയുന്ന ഒമാനുമായി കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ യോജിച്ച് പ്രവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്തിരുന്നു. ആരോഗ്യപ്രവർത്തകരെ എത്തിക്കാനും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ മുടക്കമില്ലാതെ ഒമാനിൽ എത്തിക്കുന്നതിനും ഇന്ത്യമുൻകൈ എടുത്തിരുന്നു. 10 ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന ഇന്ത്യക്കാർക്ക് വിസ വേണ്ടെന്ന് പ്രഖ്യാപിച്ച് വിസ ചട്ടങ്ങളിൽ ഒമാൻ ഭേദഗതി വരുത്തിയിരുന്നു.

വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകമുള്ള ഇന്ത്യക്കും ഒമാനുമിടയിൽ ഊഷ്മളമായ സൗഹാർദ്ദമുണ്ട്. കൊവിഡ് 19 പകർച്ചവ്യാധി കാലത്ത് ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവന്മാർ തന്ത്രപ്രധാന ബന്ധം പുലർത്തിയിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിക്കുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി ഡിസംബർ 2 ന് ഒമാൻ വിദേശകാര്യമന്ത്രിയുമായി വെർച്വൽ കൂടികാഴ്ച നടത്തുകയുണ്ടായി. ഒക്ടോബറിൽ വെർച്വലായി നടന്ന ഇന്ത്യാ ഒമാൻ സംയുക്ത കമ്മിഷൻ യോഗത്തിൽ (JCM) ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രാലയത്തിലെ മന്ത്രിതലത്തിലുള്ളവരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.