വിദേശികളുടെ പരിഷ്കരിച്ച താമസ നിയമത്തിന് അമീറിന്റെ അംഗീകാരം

0
27

കുവൈത്ത് സിറ്റി: വിദേശികളുടെ താമസം സംബന്ധിച്ച പുതുക്കിയ നിയമം അമീർ പുറപ്പെടുവിച്ചു. ഇതിൽ ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾപ്പെടുന്നു. ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ കാര്യമായ ഭേദഗതി വരുത്തുന്നത്.

വിദേശികളുടെ കുവൈറ്റിലേക്കുള്ള പ്രവേശനത്തിന് വിദേശികളുടെ കൈവശം സാധുവായ പാസ്‌പോർട്ടോ അവരുടെ രാജ്യത്തെ അധികാരികളിൽ നിന്നുള്ള രേഖകളോ ഉണ്ടായിരിക്കണമെന്ന് നിയമം സൂചിപ്പിക്കുന്നു.വിദേശികൾക്ക് കുട്ടി ജനിച്ചാൽ എത്രയും വേഗം ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. അല്ലെങ്കിൽ നാല് മാസത്തിനകം രാജ്യം വിടണമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. കൂടാതെ കുവൈത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റെസിഡൻസി പെർമിറ്ററുകൾ നേടിയിരിക്കണം. കുവൈറ്റ് പൗരന്മാരുമായി മുമ്പ് വിവാഹിതരോ വിധവകളോ ആയ കുവൈറ്റ് ഇതര സ്ത്രീകൾക്ക് ഒരു കുവൈറ്റ് പൗരനിൽ നിന്ന് കുട്ടികളുണ്ടെങ്കിൽ താമസത്തിനായി ആവശ്യപ്പെടാൻ അവകാശമുണ്ട്. വിസിറ്റ് വിസയിൽ കുവൈറ്റിലുള്ള വിദേശികൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റസിഡൻസി പെർമിറ്റ് നേടിയില്ലെങ്കിൽ മൂന്ന് മാസം കഴിയുമ്പോൾ  രാജ്യം വിടേണ്ടതാണ്.  ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർ രാജ്യത്തിന് വെളിയിൽ 4 മാസത്തിൽ കൂടുതൽ തുടരാൻ പാടില്ല. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻ കൂർ അനുമതി വാങ്ങാവുന്നതാണ്. വിദേശികളുടെ താമസ രേഖ കാലാവധി പരമാവധി അഞ്ചു വർഷം ആയിരിക്കും. പൗരന്മാരുടെയോ റിയൽ എസ്റ്റേറ്റ് ഉടമകളുടെയോ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിഭാഗങ്ങളുടെയോ കുട്ടികൾക്ക് പത്തുവർഷത്തെ പെർമിറ്റ് നൽകാം. സന്ദർശക വിസയുടെ കാലാവധി 3 മാസം ആയിരിക്കും. കാലാവധി കഴിഞ്ഞാൽ ഉടൻ തന്നെ രാജ്യം വിടണം. ഗാർഹിക തൊഴിലാളി ജോലിയിൽ നിന്ന് വിരമിച്ച് 2 ആഴ്ചയ്ക്കകം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിക്കണം. വിസക്കച്ചവടം നടത്തുന്നവർക്ക് പിഴയും തടവും ഉൾപ്പടെ കർശനമായ ശിക്ഷകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താമസ രേഖ കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്പോൺസർഷിപ്പിൽ അല്ലാത്തവരെയോ ജോലിയിൽ നിയമിച്ചാൽ കർശനമായ ശിക്ഷ ലഭിക്കുന്നതാണ്. കൂടാതെ ഇത്തരക്കാർക്ക് താമസ സൗകര്യം നൽകുന്നവർക്കും ശിക്ഷ ലഭിക്കും. ജോലിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തവരെ സാധുവായ താമസ രേഖ ഉണ്ടെങ്കിൽ പോലും നാട് കടത്താൻ നിയമം അനുവദിക്കുന്നു.കൂടാതെ നാട് കടത്തപ്പെടുന്നവരുടെ മുഴുവൻ ചെലവുകളും സ്പോൺസർ വഹിക്കുകയും വേണം.