വിദ്യാർഥികളുമായി സംവാദത്തിന് തയ്യാറുണ്ടോ ? മോദിയെ വെല്ലുവിളിച്ച് രാഹുൽ

0
21
modi, rahul

ന്യൂഡൽഹി: ഈ രാജ്യത്തെ വിദ്യാർഥികൾക്ക് മുന്നിൽ നിൽക്കാനും അവരോട് സംസാരിക്കാനും പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമ്പദ്ഘടനയുടെ പുരോഗതിക്കായി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലും സര്‍വകലാശാലയിൽ പോയി വിദ്യാർഥികളോട് പറയാൻ ധൈര്യമുണ്ടോ എന്ന വെല്ലുവിളിയാണ് കോൺഗ്രസ് നേതാവ് നടത്തിയത്.

‘പൊലീസുകാരുടെ അകമ്പടിയില്ലാതെ ഏത് സർവകലാശാലയിലും പോകാം.. അവിടെ ചെന്ന് വിദ്യാർഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി എന്ത് ചെയ്തുവെന്നും ഇനി എന്ത് ചെയ്യാൻ പോകുന്നുവെന്നും പറയാൻ സാധിക്കുമോ? ഞാൻ മോദിയെ വെല്ലുവിളിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ‘ രാജ്യത്തെ സമ്പദ് വ്യവസ്ഥ ഇത്രത്തോളം മോശമായത് എന്തുകൊണ്ടാണെന്ന് വിദ്യാർഥികളോട് പറയാൻ അദ്ദേഹത്തിന് ധൈര്യമില്ല. പ്രശ്നം അഭിമുഖീകരിക്കുന്നതിന് പകരം പ്രശ്നത്തിൽ നിന്ന് ശ്രദ്ധമാറ്റി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.. നിയമാനുസൃതം തന്നെയാണ് യുവാക്കൾ ശബ്ദം ഉയർത്തുന്നത് അത് കേൾക്കാൻ തയ്യാറാകണം..’ രാഹുൽ കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടർ പ്രതിഷേധങ്ങൾ സംബന്ധിച്ച ചർച്ചകൾക്കായി ഇന്ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. വിദ്യാര്‍ഥികളുടെ മുന്നിൽ നിൽക്കാനോ അവരോട് സംസാരിക്കാനോ ധൈര്യമില്ലാത്ത പ്രധാനമന്ത്രി പൊലീസിനെ ഉപയോഗിച്ച് അവരെ തകർക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രിയ ഭയവും ദേഷ്യവുമാണിപ്പോഴെന്നും അദ്ദേഹം ആരോപിച്ചു.