കൊച്ചി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിയുടെ പ്രതിനിധി എന്ന നിലയിൽ ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവയ്ക്കെതിരായ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യതയുണ്ട് എന്നാണ് ഗവർണറുടെ വാക്കുകൾ.
പൗരത്വ നിയമ വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട് എന്നാൽ ഭീഷണികൾ അംഗീകരിക്കില്ല. ന്യായമല്ലാത്ത വിമർശനങ്ങളോ ഭീഷണിയോ കൊണ്ട് തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗവര്‍ണർ കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന നിലപാടുള്ള ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഭരണ-പ്രതിപക്ഷ ഭേദമന്യേ സർക്കാർ എതിർക്കുന്ന ഒരു നിയമത്തെ ആ സംസ്ഥാനത്തെ ഗവർണർ അനുകൂലിക്കുന്നത് വിവാദങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും കൊണ്ട് നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.
പാർലമെന്റ് പാസാക്കി രാഷ്ട്രപതി അംഗീകരിച്ച നിയമം സംരക്ഷിക്കുക എന്ന ഗവർണറിൽ നിക്ഷിപ്തമായ ഭരണഘടനാപരമായ കർത്തവ്യമാണു താൻ നിർവഹിക്കുന്നത്. അതിൽ വീഴ്ചയുണ്ടെങ്കിൽ വിമർശനവിധേയമാക്കാമെന്നാണ് വാക്കുകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ സംഭവത്തെയും ഗവര്‍ണർ വിമർശിച്ചു. സമയവും പണവും കളഞ്ഞ് പ്രമേയം പാസാക്കിയതിനെയാണ് എതിർത്തതെന്നും ജനങ്ങളുടെ നികുതിപ്പണമാണ് പാഴായതെന്നുമാണ് വിമർശനം.