വിസ കാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് താത്ക്കാലിക റെസിഡൻസി വിസ നൽകാൻ കുവൈറ്റ്

0
25

കുവൈറ്റ്: കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമാ‌യി രാജ്യത്ത് കുടുങ്ങിപ്പോയവർക്ക് തുടരാൻ സംവിധാനം ഒരുക്കി കുവൈറ്റ്. യാത്രാവിലക്കിന്‍റെ ഭാഗമായി രാജ്യത്ത് കുടുങ്ങിപ്പോയവര്‍ക്കും വിസ പുതുക്കാൻ സാധിക്കാതെ പോയവർക്കും മൂന്ന് മാസത്തെ റസിഡൻസി വിസ നൽകാനാണ് നീക്കം. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്തെ സര്‍ക്കാർ ഓഫീസുകൾ അടക്കം കഴിഞ്ഞ ഒരുമാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം. വിസ കാലാവധി അവസാനിക്കുന്നവര്‍ക്കും തീര്‍ന്നവര്‍ക്കും സാങ്കേതിക കാരണങ്ങളാല്‍ വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്കും 3 മാസത്തേക്ക് താല്‍ക്കാലികമായി വിസ നീട്ടാന്‍ കഴിയും.

നേരത്തെ വിമാസ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. സന്ദര്‍ശക വിസക്കാര്‍ക്കും കാലാവധി നീട്ടിയിരുന്നു. ഇതിന് ബന്ധപ്പെട്ട കുടിയേറ്റ വിഭാഗം കേന്ദ്രങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ ജനറല്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീരുമാനം നടപ്പിലാക്കുക.