വിസ തട്ടിപ്പിന് ഇരയായവർക്ക് സഹായ ഹസ്തവുമായി കെ. കെ.എം.എ

0
27
തൊഴിൽ വിസ എന്ന വ്യാജേനെ മുബാറക് അൽ കബീർ ചെറുകിട വാണിജ്യ വിസയില്‍ കുവൈത്തില്‍ എത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ജാഫർ, ജമാൽ, അഹമ്മദ് ഷഫീക് എന്നിവർക്കുള്ള  യാത്ര ടിക്കറ്റ് കെ.കെ.എം.എ നൽകും.
1250 കുവൈറ്റി ദിനാർ ഓരോരുത്തരിലും നിന്നും വാങ്ങിയാണ് ഷൂൺ വിസയാണെന്നു പറഞ്ഞു മൂവരെയും കഴിഞ്ഞ ഫെബ്രുവരി മാസം കുവൈറ്റിൽ എത്തിച്ചത് . നാട്ടിലെ ബാങ്കിൽ നിന്നും ലോൺ എടുത്താണ് മൂവരും വിസക്കുള്ള പണം സംഘടിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിൽ വിസ അടിക്കാമെന്നു പറഞ്ഞ സ്പോണ്സറുടെ  ഓഫീസിൽ പിന്നീട് അന്വേഷിച്ചപ്പോൾ നോമ്പും പെരുന്നാളും കഴിയുന്ന വരെ കാത്തു നില്ക്കാൻ പറയുകയായിരുന്നു. പറഞ്ഞ അവധികള്‍ പലതും തീർന്നത് കാരണം നിരന്തരമായി ബന്ധപെട്ടപ്പോഴാണ് പിഴയടച്ചാല്‍ വിസ ക്യാൻസൽ ആക്കാം എന്ന് അറിയിക്കുന്നത്.
ജൂലൈ രണ്ടിന് പോകാന്‍ ഖുറൂജ് (എക്സിറ്റ്) അടിച്ചതിനാല്‍ നാട്ടിലേക്ക്‌ പോകുന്നതിനായി ടിക്കറ്റിന് വേണ്ടി കെ.കെ.എം.എ യെ സമീപിക്കുകയും, സംഘടന മൂന്നു പേര്ക്കും  നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് നൽകി സഹായിക്കുകയുമായിരുന്നു.  വൈ.ചെയര്മാന് അബ്ദുല്‍ ഫത്താഹ് തയ്യില്‍ ഇവര്ക്കുള്ള ടിക്കറ്റ് കൈമാറി. പ്രസിഡന്റ് എ.പി. അബ്ദുല്‍ സലാം, ജന. സെക്രട്ടറി കെ.സി. റഫീഖ്, അഡ്മിന്‍ സെക്രട്ടറി വി.എച്ച് മുസ്തഫ, അബ്ബാസിയ ശാഖ പ്രസിടണ്ട് അബ്ദുല്‍ നാസര്‍ വി.കെ, ജന. സെക്രട്ടറി എഞ്ചിനീയര്‍ റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.