കുവൈത്ത് സിറ്റി: വ്യാജ റെസിഡൻസി പെർമിറ്റ് ഉണ്ടാക്കിയതിന് ആറു പേരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം.നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. വിദേശ തൊഴിലാളികൾക്ക് റെസിഡൻസി പെർമിറ്റുകളും ഡ്രൈവിങ് ലൈസൻസുകളും നൽകിവരുകയായിരുന്നു ഇവർ. പ്രതിഫലമായി വൻ തുകയും കൈപ്പറ്റിയിരുന്നു. സിറിയ, ഈജിപ്ത്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. റെസിഡൻസി നിർമാണം, വ്യാജരേഖകൾ ചമക്കൽ, കൃത്രിമം എന്നീ കൃത്യങ്ങളിലും സംഘം ഏർപ്പെട്ടിരുന്നു. ഇവർ നിരവധി തൊഴിലാളികളുടെ റെസിഡൻസി ഒരു പ്രത്യേക കമ്പനിയിലേക്ക് മാറ്റുകയും വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഈ രജിസ്ട്രേഷൻ ഉപയോഗിച്ച് കൂടുതൽ വാഹന ഓപറേറ്റിങ് ലൈസൻസുകൾ നേടുകയും ചെയ്തിരുന്നു. ഈ ലൈസൻസുകൾ പിന്നീട് മറ്റു കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചു. ഇവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.