വർണ്ണവിസ്മയമായി കല കുവൈറ്റ് മഴവില്ല്-2019

0
34

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആർട്ട് ലവേഴ്‌സ്, അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ‘മഴവില്ല്-2019 ’ ചിത്ര രചനാ മത്സരം വിദ്യാര്‍ത്ഥി പങ്കാളിത്തംകൊണ്ടും വരകള്‍ കൊണ്ടും ശ്രദ്ദേയമായി. കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള ആയിരത്തോളം കുട്ടികളാണ് മത്സരത്തിനായി സാൽമിയ അൽ-നജാത്ത്‌ സ്കൂളില്‍ എത്തിച്ചേര്‍ന്നത്.

മത്സരങ്ങള്‍ പ്രശസ്ത ചിത്രകാരൻ കെ.കെ. മാരാർ  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി. ഹിക്മത്‌ അദ്ധ്യക്ഷത വഹിച്ച  ഉദ്ഘാടന ചടങ്ങില്‍ കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ. അജിത്‌ കുമാർ സംസാരിച്ചു. ചടങ്ങിന് കല കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി ടി.കെ. സൈജു സ്വാഗതവും, മഴവില്ല് 2019 സംഘാടക സമിതി ജനറൽ കൺവീനർ പ്രവീൺ നന്ദിയും പ്രകാശിപ്പിച്ചു. കല കുവൈറ്റ് ട്രഷറർ കെ.വി. നിസാർ, ജോയിന്റ് സെക്രട്ടറി രജീഷ്‌ സി. നായർ, വൈസ് പ്രസിഡന്റ് ജ്യോതിഷ്‌ ചെറിയാൻ, കലാ വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കുവൈറ്റിലെ പ്രശസ്ത ചിത്രകാരന്മാർ പങ്കെടുത്ത  ഓപ്പണ്‍ ക്യാന്‍വാസ് കുട്ടികൾക്കും, രക്ഷകര്‍ത്താക്കൾക്കും മികച്ച അനുഭവമായി. പരിപാടി രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഉച്ചക്ക് രണ്ടുമണിക്ക് കിന്റ്റർ ഗാർഡൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ നാല്മണിയോട് കൂടി അവസാനിച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സംഘാടക സമിതിയുടെ വകയുള്ള സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കല കുവൈറ്റ് പ്രവർത്തകർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

മത്സര ഫലങ്ങള്‍ ഉടൻ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫലങ്ങള്‍ www.kalakuwait.com എന്ന വെബ്‌സൈറ്റിലും പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കും